വാളയാര്‍ കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നവര്‍ അറിയാന്‍; അഡ്വ. ടികെ സുരേഷ് എഴുതുന്നു

വാളയാർ പെൺകുട്ടികളുടെ ആത്മഹത്യ ഒരർത്ഥത്തിൽ കൊലപാതകം തന്നെയാണ്. അത് കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ചതുമാണ്.

കുറ്റവാളികളും, അവരെ നിയമവിരുദ്ധമായി സഹായിച്ചവരുണ്ടെങ്കിൽഅവരും, എത്ര ഉന്നതരായാലും രക്ഷപ്പെട്ടുകൂടാ..

ഒരു പെൺകുഞ്ഞിനും.. അവരുടെ മാതാപിതാക്കൾക്കും പ്രബുദ്ധ കേരളത്തിൽ ഈ ദുർഗതി വന്നുകൂടാ

വാളയാര്‍ അട്ടപ്പള്ളത്ത് ഒമ്പത് വയസ്സും പതിമൂന്നും വയസുമുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായത്.

ആ കേസിലാണ് തെളിവുകളുടെ അഭാവത്തിൽ പാലക്കാട് POCSO കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

ക്രിമിനൽ കേസ് നടത്തിപ്പിൽ ഏറ്റവും പ്രധാനമായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്.

1 ) FlR റജിസ്റ്റർ ചെയ്ത് കേസ്

അന്യേഷണമാരംഭിച്ച്, സാക്ഷിമൊഴികളെടുത്ത്, തെളിവുകൾ ആകാവുന്നത്ര ശേഖരിച്ച് , പ്രതികളെ കണ്ടെത്തി പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച്, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച്, പഴുതടച്ച് കുറ്റപത്രം ഫയൽ ചെയ്യുന്നതു വരെയുള്ള Investigation ഘട്ടം.

2) പോലീസ് നടത്തിയ Investigation ന്റെ ആകെ തുകയായ ചാർജ് ഷീറ്റ് ,അഥവാ കുറ്റപത്രം, സാക്ഷികളെ
ഹാജരാക്കിയും മറ്റ് ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയും പ്രതിചേർത്തവർ തന്നെയാണ് കുറ്റപത്രത്തിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം ചെയ്തത് എന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കുന്ന Trial (വിചാരണ) ഘട്ടം ..

ഇതിൽ ആദ്യഘട്ടത്തിൽ അന്യേഷണ ഉദ്യോഗസ്ഥനും , വിചാരണ ഘട്ടത്തിൽ പ്രോസിക്യൂട്ടറും മികവു തെളിയിക്കേണ്ടതുണ്ട്.

POCSO കോടതിയിലെ വിചാരണകൾ മിക്കവാറും In camera(അടച്ചിട്ട കോടതി മുറിയിൽ) പ്രൊസീഡിങ്ങ്സ് ആയിരിക്കും. സാക്ഷികൾക്ക് നിർഭയമായി മൊഴി കൊടുക്കാനുള്ള സാഹചര്യങ്ങൾ POCSO കോടതിയിലുണ്ട്.

എന്നാൽ ഈ സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും, കുറ്റകൃത്യത്തെ പ്രതികളുമായി ബന്ധപ്പെടുത്തുന്നതിലെ സുപ്രധാന സാക്ഷികൾ കോടതിയിൽ വെച്ച് കൂറുമാറിയാൽ, പോലീസും പ്രോസിക്യൂഷനും കൈക്കൊണ്ട എല്ലാ ശ്രമങ്ങളും വ്യർത്ഥമാവുകയും, വിചാരണ പ്രഹസനമാവുകയും ചെയ്യും.

വാളയാർ കേസിലെ വിധിയും സാക്ഷികളുടെ മൊഴിയും ഞാൻ വായിച്ചിട്ടില്ല. പോലീസ് അന്വോഷണം നടത്തി കോടതിയിലെത്തിച്ച സാക്ഷികൾ കോടതിയിൽ വെച്ച് കൂറുമാറിയിട്ടുണ്ടോ എന്നും അറിയില്ല. അതിനാൽ വിധിയെക്കുറിച്ചൊന്നും ഇപ്പോൾ അഭിപ്രായം പറയുന്നില്ല.

വിധിയെ മുൻനിർത്തി CPI(M) നു നേരെ കുതിരകയറുന്നതിൽ എത്ര പേർ ഈ കേസിലെ വിധി കണ്ടിട്ടുണ്ട് ?
എത്ര പേർ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തിൽ CPI(M) ഇടപെടൽ ഉണ്ടായി എന്നാണ് ഇവർ ആരോപിക്കുന്നത് ?.

പോക്സോ കേസിൽ വക്കാലത്തുണ്ടായിരുന്ന അഭിഭാഷകൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ ആയതും വക്കാലത്തൊഴിഞ്ഞതും ഈ കേസിന്റെ വിധിയെ എങ്ങിനെ ബാധിച്ചു എന്നാണിവർ ആരോപണമുന്നയിക്കുന്നത് ?

അതെങ്ങിനെ സാദ്ധ്യമാകുമെന്നാണിവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത് ?

ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ എന്നല്ല , ഏതു പോസ്റ്റിനും യോഗ്യതകളെ സംബന്ധിച്ച് അതിന്റേതായ ലീഗൽനോംസ് ഉണ്ട്.

ആവശ്യമായ യോഗ്യതകളുണ്ടെങ്കിൽ കഴിവുള്ള വ്യക്തികളെ അതാതു തസ്തികകളിൽ നിയമപ്രകാരം നിയമിക്കാവുന്നതുമാണ്.

സംസ്ഥാന ഗവർണ്ണർ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നേയുള്ളൂ എന്നാൽ രാഷ്ട്രീയ നേതാവിനെ ഗവർണ്ണറാക്കാൻ പാടില്ല എന്നില്ല..

സ്പീക്കർ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നേയുള്ളൂ..
പക്ഷേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട MLA യും MP യും തന്നെയായിരിക്കും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്

എന്തിനധികം..

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെയും, വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാർ ഉൾപ്പെടെ, ആ തസ്തികയിലെത്തും മുമ്പ് അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്തിരുന്നവരും പല കേസുകളിലും പല കക്ഷികളുടെയും വക്കാലത്ത് ഉണ്ടായിരുന്നവരുമായിരിക്കും ..

അതാത് സ്ഥാനങ്ങളിൽ എത്തിയ ശേഷം അവർ ആ തസ്തികയെ എങ്ങിനെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നു എന്നാണ് കാണേണ്ടത് .

എന്തായാലും LDF സർക്കാർ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാനായി നിയമിച്ച അഡ്വ: N. രാജേഷ് അല്ല വാളയാർ കേസിന്റെ അന്വേഷണം നടത്തിയത് എന്ന് എല്ലാവർക്കും അറിവുള്ളതാണ് .

അഡ്വ: N. രാജേഷ് അല്ല POCSO കോടതിയിലെ പബ്ലിക് പ്രേസിക്യൂട്ടര് എന്നും ഏവർക്കും അറിവുള്ളതാണ്.

CPI(M) ന് POCSO കോടതിയിലെയെന്നല്ല, ഒരു കോടതിയിലെയും നടപടിക്രമങ്ങളിൽ ഇടപെടാനാകില്ല എന്നതും പകൽ പോലെ വ്യക്തമാണ്.

മാത്രമല്ല സ്ത്രീ പീഡന കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും സൃഷ്ടിക്കാൻ, LDF ഗവൺമെന്റ് യാതോരു അനധികൃത ഇടപെടലും നടത്താതെ അന്വേഷണ ഏജൻസികൾക്കും പ്രോസിക്യൂഷനും
കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വാതന്ത്ര്യവും നൽകിക്കാണുന്നുണ്ട്.

അതു കൊണ്ടു കൂടിയായിരിക്കണം മറ്റു സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടർമാരെ മാറ്റി നിയമിച്ചിട്ടും
UDF ഭരണകാലത്ത് നിയമിതയായ POCSO കോടതിയിലെ പ്രോസിക്യൂട്ടറെ ഇപ്പോഴും തുടരുവാൻ അനുവദിക്കാൻ LDF ഗവൺമെന്റ് തയ്യാറായിട്ടുള്ളത് .

POCSO കോടതിയിലെ പ്രോസിക്യൂട്ടർ മാറ്റമില്ലാതെ തുടരുന്നതിനാൽ അത്തരം ഒരു രാഷ്ട്രീയ ആരോപണം
ഗവൺമെൻറിനെതിരെ ഉന്നയിക്കാൻ പോലും എതിരാളികൾക്ക് സാദ്ധ്യമല്ലാത്തതാണ്.

എന്നിട്ടും CPM നെതിരെ വാളെടുക്കുന്നവർ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നത്?

പേമാരി പെയ്തതിനും, പ്രളയം വന്നതിനും, കൊടുങ്കാറ്റു വീശിയതിനും CPM നെ തെറി വിളിക്കുന്നവർ അത് തുടർന്നു കൊണ്ടിരിക്കട്ടെ.. അത് ഗൗനിക്കേണ്ടതില്ല.

പക്ഷേ ആത്മാർത്ഥമായും സത്യസന്ധമായും ഉയരുന്ന വിമർശനങ്ങളെ കാണാതിരുന്നു കൂടാ.. അതിനെ
ഗൗരവമായിത്തന്നെ ഗൗനിക്കേണ്ടതുണ്ട്. പരിശോധിക്കേണ്ടതുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.

ആ കൊച്ചു കുട്ടികളുടെ ദാരുണമായ മരണത്തിൽ മനുഷ്യത്വവും മനസാക്ഷിയുമുള്ളവരെല്ലാം അതിയായി വേദനിക്കുന്നു.

അതിലേറെ വേദനയുണ്ട് അവരുടെ മരണത്തിനുത്തരവാദികളായവർ ശിക്ഷിക്കപ്പെടാതെ പോകുന്നതിൽ..

ഇതിൽ ആർക്കാണ് – ഏതു ഘട്ടത്തിലാണ്, വീഴ്ച്ച പറ്റിയത് എന്ന് പരിശോധിച്ചേ മതിയാകൂ..

വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കിൽ അന്വേഷണസംഘമാണോ പ്രോസിക്യൂഷനാണോ വീഴ്ചവരുത്തിയതെന്ന് സര്‍ക്കാര്‍ അന്വോഷിക്കണം.

ബോധപൂർവ്വം വീഴ്ച്ച വരുത്തിയവരുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം..

പോക്സോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകണം..

ആവശ്യമാണെങ്കിൽ നിയമ സാദ്ധ്യതകൾ പരിശോധിച്ച് പുനരന്വോഷണം നടത്തണം .

കേരളം വിശ്വസിക്കുന്നു… മനുഷ്യർക്കൊപ്പം നിലകൊള്ളുന്ന കേരളത്തിലെ സർക്കാറിനെ.. നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ജുഡീഷ്യറിയെ ..

യഥാർത്ഥ കുറ്റവാളികൾ ഒരു നിലയ്ക്കും രക്ഷപ്പെട്ടുകൂടാ ..

ആ കുഞ്ഞുങ്ങളെ കേരള മനസാക്ഷി നെഞ്ചേറ്റിയിരിക്കുന്നു.. അവർക്ക്.. അവരുടെ മാതാപിതാക്കൾക്ക്
നമുക്ക്.. നമ്മുടെ സമൂഹത്തിന്.. നീതി കിട്ടിയേ പറ്റൂ …

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News