കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന് ആചാര്യസ്ഥാനീയനായ വി. ടി. ഭട്ടതിരിപ്പാട് നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങൾക്കെതിരേ ആഞ്ഞുവീശിയ കൊടുങ്കാറ്റായിരുന്നു.

വി. ടി.യുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകം ഒരു സാമൂഹികവിപ്ലവത്തിനു കളമൊരുക്കി. സ്വാതന്ത്ര്യസമരമുന്നേറ്റത്തിലുംഗുരുവായൂർ സത്യാഗ്രഹത്തിലുമെല്ലാം അദ്ദേഹം സജീവപങ്കാളിയായി.

സമുദായം ഭ്രഷ്ടുകല്പിച്ചിട്ടും താൻകൂടി കെട്ടിപ്പടുന്ന കോൺഗ്രസ് പാർട്ടിയിൽനിന്നു രാജിവയ്ക്കേണ്ടിവന്നിട്ടും വി. ടി. തളർന്നില്ല.

ശാന്തിപ്പണിക്കാരനായിരിക്കെ വി. ടി. അക്ഷരം പഠിക്കുന്നതും സർഗ്ഗാവിഷ്കാരത്തിന് എ‍ഴുത്തിനെ തെരഞ്ഞെടുക്കുന്നതും കഥകളും നാടകങ്ങളും ലേഖനങ്ങളും ആത്മകഥയുമെ‍ഴുതി വായനക്കാരെ വിസ്മയിപ്പിക്കുന്നതും കേരളം കണ്ടു.

ജനാധിപത്യകേരളത്തിന്റെ അടിസ്ഥാനത്തെ ശക്തിപ്പെടുത്താൻ അനീതിയെ നിർഭയം എതിർക്കുകയും അധികാരസ്ഥാനങ്ങൾക്കുമുന്നിൽ ആരെയും കൂസാതെ നിലയുറപ്പിക്കുകയും ചെയ്തതാണ് വി. ടി.യുടെ ജീവിതം.

വി. ടി.യുടെ സംഘർഷഭരിതമായ ജീവിതമുഹൂർത്തങ്ങളിലൂടെ ഒരു യാത്രയാണ് ഊ. ഡി. ഡേവീസ് എ‍ഴുതിയ ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകം.

പതിനഞ്ചു ചെറിയ രംഗങ്ങളിലൂടെ കലാപതീക്ഷ്ണമായ ഒരു കാലഘട്ടം അരങ്ങിൽ നിറയുകയാണ്. ആധുനികമലയാളിയെ രൂപപ്പെടുത്തിയ ചരിത്രസംഭവങ്ങളിലൂടെ നാടകഗതി വികസിക്കുന്നു.

അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകത്തിന്റെ ആദ്യാവതരണം, ഘോഷാബഹിഷ്കരണം, യാചനായാത്ര, ആദ്യത്തെ വിധവാവിവാഹം ഇവയെല്ലാം വൈകാരികത ഒട്ടും ചോർന്നുപോകാതെ നാടകം ആവിഷ്കരിക്കുന്നു.

സഹോദരൻ അയ്യപ്പൻ, പാർവതി അയ്യപ്പൻ, എം.ആർ.ബി., ശ്രീദേവി, പ്രേമ്ജി മുതലായവർ കഥാപാത്രങ്ങളായി വേദിയിലെത്തുന്നു. മഹാത്മജി, നാരായണഗുരു, ഇ. എം. എസ്. തുടങ്ങിയവർ പരാമർശിക്കപ്പെടുന്നു.

ജീവിതാവസാനകാലത്ത് ആരാലും തിരിച്ചറിയപ്പെടാതെ ഒറ്റപ്പെട്ടുപോയ ഒരു വ്യക്തിത്വമായി വി. ടി. മാറുന്നതും നാടകം ചിത്രീകരിക്കുന്നു. വി. ടി.യുടെ ഏകാകിത വ്യക്തിപരമല്ല, ചരിത്രപരമാണ് എന്ന നിഗമനത്തിലേക്ക് നാടകം ചെന്നെത്തുന്നുണ്ട്.

അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകത്തിന്റെ 90-ാം വാർഷികവേളയാണിത്. എടക്കുന്നി നമ്പൂതിരിവിദ്യാലയത്തിൽ വി.ടി. വിദ്യാർത്ഥിയായി ചേർന്നതിന്റെ നൂറാം വാർഷികവേളയും.

നവോത്ഥാനമൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന സമീപകാലത്ത് ഈ നാടകം ആശയസംവാദത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്നു.

ഗയ പുത്തകച്ചാല പ്രസിദ്ധീകരിച്ച ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകത്തിന് ആശംസക്കുറിപ്പ് എം. കെ. സാനുവും അവതാരിക ഇ. പി. രാജഗോപാലനും വിഷ്കംഭം വി. ടി. വാസുദേവനും എ‍ഴുതിയിരിക്കുന്നു.

കെ. എൻ. പ്രശാന്തിന്റെ സംവിധാനത്തിൽ, നവംബർ രണ്ടാം വാരത്തിൽ, തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലും സംഗീതനാടക അക്കാദമി നാട്യഗൃഹത്തിലുമായി രംഗചേതന ഇരിക്കപ്പിണ്ഡം കഥ പറയുന്നു അരങ്ങിലെത്തിക്കും.

(ഇരിക്കപ്പിണ്ഡം കഥപറയുന്നു, ഈ.ഡി. ഡേവീസ്, ഗയ പുത്തകച്ചാല, തൃശ്ശൂർ, വില 100 രൂപ)