ഗുഡ്വിന്‍ നിക്ഷേപ തട്ടിപ്പ്; ആയിരക്കണക്കിന് നിക്ഷേപകരുടെയും ഏജന്റുമാരുടെയും താല്പര്യം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്വിന്‍ ജ്വല്ലേഴ്‌സ് നടത്തിയ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിയുമായി നൂറുകണക്കിനാളുകളാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. മുംബൈയിലും പുണെയിലും തൃശൂരുമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ പതിനാലോളം ഷോറൂമുകള്‍ അടച്ചിട്ടത് മുഴുവന്‍ സ്വര്‍ണവും ഡയമണ്ട്‌സും മാറ്റിയ ശേഷമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ വില പിടിച്ച കാറുകളും വീട്ടിലെ സാധനങ്ങളും മാറ്റിയതായാണ് പോലീസ് കണ്ടെത്തിയത് . ഇതോടെ ആസൂത്രിതമായി നടത്തിയ തട്ടിപ്പാണിതെന്ന വാദത്തിനാണ് ശക്തി കൂടിയത്.

ആയിരക്കണക്കിന് നിക്ഷേപകരും രണ്ടായിരത്തോളം വരുന്ന ഏജന്റുമാരുടെയും താല്പര്യമാണ് ആദ്യം സംരക്ഷിക്കപ്പെടേണ്ടതെന്ന പൊതു വികാരമാണ് സമൂഹ മാധ്യമങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം നിക്ഷേപകരും സാധാരണക്കാരായ ജോലിക്കാരും ജോലിയില്‍ നിന്ന് വിരമിച്ചവരുമാണ്.

വിവാഹാവശ്യങ്ങള്‍ക്കും മാസവരുമാനത്തിനുമായി പണിയെടുത്തുണ്ടാക്കിയ സമ്പാദ്യങ്ങള്‍ മുഴുവന്‍ നിക്ഷേപിച്ച ഹതഭാഗ്യരും കൂട്ടത്തിലുണ്ട്. അത് പോലെ തന്നെയാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ സമാഹരിച്ച വീട്ടമ്മമാരും വിധവകളുമടക്കമുള്ളവരും. ഇവരെല്ലാം കടന്നു പോകുന്ന മാനസിക സമ്മര്‍ദ്ദവും അപമാനഭീതിയുമാണ് നഗരത്തിലെ പ്രമുഖ സമൂഹ മാധ്യമങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്.

കാര്യമായ ആസ്തികളൊന്നുമില്ലാത്ത കമ്മിഷന്‍ ഏജന്റുമാര്‍ കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നും ജ്വല്ലറി ഉടമകള്‍ക്ക് പിരിച്ചു നല്‍കിയിട്ടുള്ളത്. ജ്വല്ലറി ഉടമകളും ഉത്തരവാദിത്തപ്പെട്ട ജീവനക്കാരും മുങ്ങിയതോടെ ഏജന്റുമാര്‍ ശാരീരികമായി ആക്രമിക്കപ്പെടാനുള്ള സാധ്യതയടക്കമുള്ള ആശങ്കകളാണ് പലരും പങ്കു വച്ചത്.

ഇവിടെ മലയാളികളുടെ മൊത്തം ക്രെഡിബിലിറ്റിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് മുംബൈയിലാകെ അയ്യായിരത്തിലധികം മലയാളികളാണ് സ്വന്തം നിലയില്‍ ബിസിനസില്‍ ഏര്‍പെട്ടിരിക്കുന്നതെന്ന വസ്തുത ചൂണ്ടിക്കാട്ടി കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടി എന്‍ ഹരിഹരന്‍ മുംബൈ പ്രവാസികള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പിനോട് പ്രതികരിച്ചത്.

പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിയ സംഭവത്തിന് പുറകെ ആത്മഹത്യകളുടെ ഒരു പരമ്പരയുണ്ടാകുമോ എന്ന ഭയത്തിലാണ് നഗരത്തിലെ മലയാളി സമൂഹം.

മുംബൈയിലെ മലയാളി സമാജങ്ങളും മറ്റു സാംസ്‌കാരിക സംഘടനകളും ഇക്കാര്യത്തില്‍ സജീവമായി രംഗത്തിറങ്ങുകയും ഇടപെടുകയും വേണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്. കൗണ്‍സലിങ് സെന്ററുകളും നിയമസഹായ കേന്ദ്രങ്ങളും തുറക്കണമെന്നും നിര്‍ദോഷികളായവരെ രക്ഷിക്കാന്‍ കഴിയണമെന്നും ഇതിന് കഴിഞ്ഞില്ലെങ്കില്‍ നഗരത്തിലെ സമാജങ്ങള്‍ക്കു പോലും പ്രസക്തിയില്ലാതെ വരുമെന്നാണ് പത്ര പ്രവര്‍ത്തകനായ സിബി സത്യന്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

തങ്ങളുടെ സമാജത്തിനു കീഴെ വരുന്ന ഗുഡ്വിന്‍ ഇന്‍വെസ്റ്റര്‍മാരുടെയും ചിട്ടിയില്‍ ചേര്‍ന്നവരുടെയും കളക്ഷന്‍ ഏജന്റുമാരുടെയും പേരുവിവരങ്ങള്‍ സമാഹരിക്കാനും അവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ക്കു വേണ്ടിയുള്ള ഏകോപനം സംഘടിപ്പിക്കാനും മലയാളി കമ്യൂണിറ്റിക്ക് ഒപ്പം നില്‍ക്കാനും അതാത് മേഖലകളിലെ സമാജം ഭാരവാഹികള്‍ക്ക് കഴിയണമെന്നും സിബി നിര്‍ദ്ദേശിച്ചു. ഏജന്റുമാരെക്കൊണ്ട് വഞ്ചനാ കേസുകള്‍ ഉടമകള്‍ക്കെതിരെ കൊടുപ്പിക്കാന്‍ സാധിച്ചാല്‍ അവര്‍ക്കു നിയമപരിരക്ഷ കിട്ടാനും സാധ്യതയുണ്ടെന്നും സിബി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിസന്ധിയാണെന്നും ഇതിനെ മറി കടക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നുമാണ് ഗുഡ്വിന്‍ ഗ്രൂപ്പ് സാരഥികളായ സുനില്‍കുമാറും സുധീഷ് കുമാറും വാട്‌സാപ്പ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പോലീസിന്റെ പിടിയിലായാല്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കാനാകില്ലെന്നും തങ്ങള്‍ക്ക് വസ്തു വകകള്‍ വില്‍ക്കാനുള്ള സാവകാശം തരണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു സന്ദേശം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News