മരട്: 157 ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അനുമതി

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ 157 ഫ്‌ലാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അനുമതി. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയാണ് അനുമതി നല്‍കിയത്.സുപ്രീം കോടതി നിര്‍ദേശ പ്രകാരമായിരുന്നു നടപടി.അതേ സമയം നഷ്ടപരിഹാരത്തിന് അനുമതി തേടിയെത്തിയ ഹോളി ഫെയ്ത്ത് എം ഡി സാനി ഫ്രാന്‍സിസിന്റെ അപേക്ഷ സമിതി നിരസിച്ചു.

മതിയായ രേഖകള്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കിയ 157 ഫ്‌ലാറ്റുടമകള്‍ക്കാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അനുമതി നല്‍കിയത്. ഇവരില്‍ പലര്‍ക്കും ഇതില്‍ കുറഞ്ഞ തുക നഷ്ടപരിഹാരമായി സമിതി ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ അത് തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഇത് പരിഗണിച്ച കോടതി മുഴുവന്‍ ഫ്‌ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.ഈ ഉത്തരവ് പ്രകാരമാണ് സമിതിയുടെ നടപടി.ആകെ 325 ഫ്‌ലാറ്റുകളാണുള്ളത്.

രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അവശേഷിക്കുന്ന ഫ്‌ലാറ്റുടമകള്‍ക്കും സമിതി നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കും.അതേ സമയം നഷ്ടപരിഹാരം നല്‍കാനായി നിര്‍മ്മാതാക്കള്‍ 20 കോടി രൂപ കെട്ടിവെക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ നിര്‍മ്മാതാക്കളിലൊരാളും നിലവില്‍ റിമാന്റില്‍ കഴിയുകയും ചെയ്യുന്ന ഹോളി ഫെയ്ത്ത് എം ഡി സാനിഫ്രാന്‍സിസ് തനിക്ക് ഫ്‌ലാറ്റുണ്ടെന്നും നഷ്ടപരിഹരത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് സമിതിയെ സമീപിച്ചിരുന്നു.എന്നാല്‍ സാനി ഫ്രാന്‍സിസിന്റെ ആവശ്യം സമിതി നിരസിച്ചു.

അതേ സമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്പനികളോട് പൊളിക്കുന്ന രീതി ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷമെ സര്‍ക്കാര്‍ പൊളിക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News