അർജന്റീനയിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലേക്ക്‌

അർജന്റീനയിൽ നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്‌. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പെറൊണിസ്റ്റ്‌ പാർടിയുടെ ആൽബെർട്ടോ ഫെർണാണ്ടസും വൈസ്‌ പ്രസിഡന്റായി ജനങ്ങൾക്ക്‌ പ്രിയങ്കരിയായ മുൻ പ്രസിഡന്റ്‌ ക്രിസ്റ്റീന ഫെർണാണ്ടസും തെരഞ്ഞെടുക്കപ്പെട്ടു.

97 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോൾ ആൽബെർട്ടോ ഫെർണാണ്ടസ്‌ 48.1 ശതമാനം വോട്ടും നിലവിലെ വലതുപക്ഷ പ്രസിഡന്റ്‌ മൗറിഷ്യോ മാക്രി 40.4 ശതമാനം വോട്ടും നേടി. അർജന്റീനിയൻ നിയമപ്രകാരം ഒന്നാംവട്ടത്തിൽതന്നെ ജയിക്കാൻ 45 ശതമാനത്തിലധികം വോട്ടോ 40 ശതമാനം വോട്ടും പ്രധാന എതിരാളിയുമായി 10 ശതമാനം വ്യത്യാസമോ വേണം.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും പരിഹരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ജനങ്ങളുടെ തിരിച്ചറിവാണ്‌ ജനവിധിയുടെ അടിസ്ഥാനം. നാലുവർഷത്തെ വലതുപക്ഷ ഭരണത്തിൽ ദാരിദ്ര്യം 10 ശതമാനത്തോളം വർധിച്ചു.

ദീർഘകാലം പട്ടാള സ്വേഛാധിപത്യത്തിലും തുടർന്ന്‌ വലതുപക്ഷ ഭരണത്തിലുമായിരുന്ന അർജന്റീനയിൽ 2004ൽ ക്രിസ്റ്റീനയുടെ ഭർത്താവ്‌ നെസ്റ്റർ ക്രിർച്ച്‌നറിലൂടെയാണ്‌ ഇടതുപക്ഷം അധികാരത്തിലെത്തിയത്‌.

തുടർന്ന്‌ 2007 മുതൽ 2015 വരെ രണ്ടു തവണ ക്രിസ്റ്റീന ഫെർണാണ്ടസ്‌ പ്രസിഡന്റായി. അറുപതുകാരനായ ആൽബെർട്ടോ ഫെർണാണ്ടസ്‌ പ്രായോഗികമതിയായ നേതാവായാണ്‌ കണക്കാക്കപ്പെടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here