ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്‌) തലവൻ അബൂബക്കർ അൽ ബാഗ്‌ദാദി സിറിയയിൽ കൊല്ലപ്പട്ടതിലൂടെ തലയെടുപ്പുള്ള ഒരു നേതാവിനെ ആഗോള ഭീകരസംഘടനയ്‌ക്ക്‌ നഷ്ടപ്പെട്ടെങ്കിലും അയാൾ നയിച്ച ഭീകരപ്രസ്ഥാനം ഭീഷണമായി തുടരുകയാണെന്ന്‌ പ്രതിരോധ വിദഗ്ധർ. സിറിയൻമേഖലയിൽ ഇനിയും പതിനായിരത്തിലധികം ഐഎസ്‌ ഭീകരരുണ്ടെന്നാണ്‌ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പെർ പറയുന്നത്‌.

‘നിങ്ങൾ എവിടെയായിരുന്നാലും കൊല്ലൂ’ എന്നതായിരുന്നു അനുയായികളോട്‌ ബാഗ്‌ദാദിയുടെ ആഹ്വാനം എന്നതിനാൽ ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ഭീകരസംഘടനയുടെ കണ്ണികൾ ഇനിയും അസ്വസ്ഥതകൾ ഉണ്ടാക്കിക്കൊണ്ടിരിക്കും എന്നാണ്‌ പ്രതിരോധവൃത്തങ്ങളിലെ ആശങ്ക.

അഫ്‌ഗാനിസ്ഥാനിലെ ഖുറോസാനാണ്‌ ഐഎസിന്റെ അവശേഷിക്കുന്ന പ്രബലമായ ഘടകങ്ങളിൽ ഒന്ന്‌. എന്നാൽ, പാകിസ്ഥാൻ, തജികിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിലൊക്കെ ഐഎസ്‌ സ്വാധീനമുണ്ട്‌. അമേരിക്കയിൽ 2016ൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ ഒർലാൻഡോ നിശാക്ലബ്ബിലെ ആക്രമണവും യുഎസിൽ പിടിയിലായ ഐഎസ്‌ ദമ്പതികളും അമേരിക്കയും ഐഎസ്‌ ഭീഷണിയിൽനിന്ന്‌ മുക്തമല്ല എന്നതിന്‌ തെളിവായി കാണിക്കപ്പെടുന്നു.

ബാഗ്‌ദാദിയുടെ മരണം അയാൾ നയിച്ച സംഘത്തെയും പ്രചരിപ്പിച്ച ആശയത്തെയും ഇല്ലാതാക്കിയിട്ടില്ലെന്നാണ്‌ ഐഎസിനെ പ്രധാന ശത്രുക്കളിൽ ഒന്നായി കാണുന്ന ഇറാന്റെ പ്രതികരണം. മേഖലയിലെ പെട്രോഡോളറിന്റെ സഹായത്തോടെയാണ്‌ ഐഎസ്‌ സൃഷ്ടിക്കപ്പെട്ടതും വളർന്നതുമെന്ന്‌ സൗദിയെ പരോക്ഷമായി പരാമർശിച്ച്‌ ഇറാൻ വക്താവ്‌ പറഞ്ഞു. ബാഗ്‌ദാദി ഇസ്ലാമിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന്‌ കുറ്റപ്പെടുത്തിയ സൗദി അയാളെ കൊന്നതിന്‌ യുഎസിനെ അഭിനന്ദിച്ചു.