കർഷകർക്ക്‌ വർഷം 6000 രൂപ പദ്ധതിയും വെട്ടിച്ചുരുക്കി കേന്ദ്രം

കർഷകർക്ക്‌ വർഷം 6000 രൂപ ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി തുടക്കമിട്ട പിഎം കിസാൻ സമ്മാൻ നിധി കേന്ദ്രം വെട്ടിച്ചുരുക്കുന്നു. നടപ്പുവർഷം നീക്കിവച്ച 75,000 കോടി രൂപയിൽ മൂന്നിലൊന്നും കേന്ദ്രം വിനിയോഗിക്കില്ല. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാകാത്തതാണ്‌ തുക വെട്ടിക്കുറയ്‌ക്കുന്നതിനു കാരണമായി അധികൃതർ പറയുന്നത്‌.

ഇക്കൊല്ലം അനുവദിച്ചതിൽ 25,000 കോടി രൂപ വിനിയോഗിക്കാൻ കഴിയില്ലെന്ന്‌ പിഎം കിസാൻ സമ്മാൻ നിധി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ വിവേക്‌ അഗർവാൾ ഒരു ഓൺലൈൻ മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

14.5 കോടി കർഷകർക്ക്‌ പ്രതിവർഷം 6,000 കോടി രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിക്കാനാണ്‌ പദ്ധതിയിട്ടത്‌. എന്നാൽ, രാജ്യത്തെ കർഷകരുടെ എണ്ണം ഇത്രയുംവരില്ലെന്നാണ്‌ വിവേക്‌ അഗർവാൾ പറയുന്നത്‌. ഇതുവരെ ചെലവിട്ടത്‌ 26,000 കോടി രൂപമാത്രമാണ്‌.

പദ്ധതി ആവിഷ്‌കരിച്ചപ്പോൾ 2015–-16ലെ കാർഷിക കണക്കെടുപ്പനുസരിച്ച്‌ 14.5 കോടി ഗുണഭോക്താക്കളെയാണ്‌ പ്രതീക്ഷിച്ചത്‌. ഒരേ ഭൂമിയെ ആശ്രയിച്ച്‌ ഒന്നിലധികം കുടുംബങ്ങൾ കഴിയുന്നുണ്ടെങ്കിലും പിഎം സമ്മാൻ നിധിപ്രകാരം ഒരാൾക്കേ സഹായം ലഭിക്കൂ. റവന്യൂരേഖകൾപ്രകാരം കൃഷിഭൂമി കൈവശമുള്ളവർക്കു മാത്രമാണ്‌ പദ്ധതിയുടെ പ്രയോജനം.

രാജ്യത്ത്‌ ഭൂരിപക്ഷവും പാട്ടത്തിന്‌ ഭൂമിയെടുത്ത്‌ കൃഷിചെയ്യുന്ന ഭൂരഹിതകർഷകരായതിനാൽ സഹായധനം ലഭിക്കുന്നവരുടെ എണ്ണം വൻതോതിൽ കുറയും.കാർഷികവൃത്തിയിൽ ഏർപ്പെട്ട്‌ വരുമാനം നേടുന്നവരെ കർഷകരായി പരിഗണിക്കണമെന്നാണ്‌ കൃഷിമന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയനയത്തിൽ പറയുന്നത്‌.

ഇത്തരത്തിൽ 14.43 കോടി കർഷകർ 2011ലെ സെൻസസ്‌പ്രകാരം രാജ്യത്തുണ്ട്‌. ഇവർക്ക്‌ സഹായധനം കിട്ടാതെ വരികയും കിസാൻ സമ്മാൻ നിധിയിലെ തുക ബാക്കിവരികയും ചെയ്യുന്നതാണ്‌ സാഹചര്യം.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഇടക്കാല ബജറ്റിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here