പ്രാർഥനകൾ വിഫലമായി; കുഴൽകിണറിൽ വീണ രണ്ടരവയസുകാരന്‍ മരിച്ചു

നാലു ദിവസങ്ങളോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ട് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് വില്‍സണ്‍ യാത്രയായി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു.

എന്നാല്‍ ഇന്നലെ രാത്രി 10.30 ഓടെ കുഴല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായും മൃതദേഹം അഴുകിയതായും ബോധ്യപ്പെട്ടു. തുടര്‍ന്ന് കുഴിയില്‍ ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയും കുട്ടിയുടെ ശരീരം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.

കുട്ടിക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ സാങ്കേതിക കടത്തിവിട്ട് എയര്‍ടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്. ബലൂണ്‍ ടെക്‌നോളജി, റൊബോട്ടിക് ഹാന്‍ഡ് ടെക്‌നോളജി, എയല്‍ലോക്കിംഗ് ടെക്‌നോളജി, ഇന്‍ഫ്‌ലേഷന്‍ ടെക്‌നോളജി, പെന്റണ്‍ ടെക്‌നോളജി എന്നിവയാണ് ഉപയോഗിച്ചത്. ഇന്ന് പുലര്‍ച്ചെ 4.25 ഓടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കളിക്കുന്നതിനിടെ സുജിത് കുഴല്‍കിണറിലേക്ക് വീണത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ കുഞ്ഞ് കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രാജ്യം മുഴുവന്‍ കുട്ടിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News