മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം; കൊല്ലത്ത് കായിക ടൂര്‍ണമെന്റ് ഒരുങ്ങുന്നു

പ്രളയദുരിതങ്ങളില്‍ നിന്ന് പൂര്‍ണമായ മുക്തി നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റീബില്‍ഡ് കേരള ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഒരു ജനതയുടെ ദുരിതങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം കൈകോര്‍ക്കാനുള്ള ഉത്തരാവാദിത്തം ഓരോ പൗരനുമുണ്ട്. പ്രത്യേകിച്ച് പ്രളയത്തിന്റെ ദുരിതം അധികം അനുഭവപ്പെട്ടിട്ടില്ലാത്ത കൊല്ലം ജനതയ്ക്ക്.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വലിയ തോതിലുള്ള സാമ്പത്തിക ആവശ്യകതയാണുള്ളത്. അതു കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി ധനം സമാഹരിച്ച് നല്‍കുന്നതിനുമുള്ള ഉത്തരവാദിത്തം കൊല്ലം ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ കായിക ഭൂപടത്തില്‍ വലിയ പ്രാധാന്യമുള്ള ജില്ലയായ കൊല്ലത്ത് ഒരു കായിക ടൂര്‍ണമെന്റിന് അരങ്ങ് ഒരുക്കുന്നത്.

ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി കബഡി-വോളിബോള്‍ ടൂര്‍ണമെന്റാണ് സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ദേശീയ നിലവാരം പുലര്‍ത്തുന്ന ടീമുകള്‍ക്കൊപ്പം വിദേശ ടീമും പങ്കെടുക്കുന്ന കായിക മത്സരങ്ങളാണ് നടക്കുക. നവംബര്‍ 7 മുതല്‍ 10 വരെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കുന്ന പ്രത്യേക വേദികളിലാണ് മത്സരങ്ങള്‍.

ശ്രീലങ്കന്‍ ആര്‍മി ടീമാണ് കബഡി മത്സരങ്ങളില്‍ സാന്നിധ്യമാകുന്ന വിദേശ ടീം. പുരുഷ വിഭാഗത്തില്‍ ഹരിയാന ടൈഗേഴ്‌സ്, കേരള പൊലിസ്, എംഇജി. ബാംഗ്ലൂര്‍, സായി എന്നിവയും വനിതാ വിഭാഗത്തില്‍ കെ സ്റ്റാര്‍ ചെന്നെ, അല്‍വാസ് മാംഗ്‌ളൂര്‍, ഹരിയാന ടൈഗേഴ്‌സ്, എം ജി യുണിവെഴ്‌സിറ്റി, കേരള ടീമുകള്‍ മാറ്റുരയ്ക്കും.
വോളിബോള്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്, ഇന്ത്യന്‍ ആര്‍മി, കൊച്ചിന്‍ കസ്റ്റംസ്, എ ആര്‍ ഫോര്‍ട്ട്, കേരള പൊലിസ്, ബീക്കണ്‍ സ്‌പോര്‍ട്‌സ് കാലിക്കറ്റ്, കെഎസ്ഇബി, സെയിന്റ് തോമസ് പാല എന്നീ ടീമുകളാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവന, ടിക്കറ്റ്, കോപ്ലിമെന്ററി പാസ് എന്നിവ മുഖേന ലഭിക്കുന്ന തുക ചെക്ക്/ ഡി ഡി ആയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സിഎംഡിആര്‍എഫ് എന്ന പേരിലുള്ള 67319948232 അക്കൗണ്ടിലേക്ക് നല്‍കും.

സ്റ്റേഡിയത്തിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലുള്ള സംഘാടക സമിതി കാര്യാലയത്തിലും പ്രത്യേകം സജ്ജീകരിച്ച കൗണ്ടര്‍ വഴി 1,000 – 500 രൂപയ്ക്കുള്ള ഗെയിറ്റ് പാസും ലഭ്യമാക്കും. ഇവ ഉപയോഗിച്ച് എല്ലാ മത്സരങ്ങളും കാണാം. കേരള പൊലിസ് – അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരിയും തമ്മിലുള്ള വോളിബോള്‍ വനിതാ പ്രദര്‍ശന മത്സരം നവംബര്‍ 10ന്. കലക്‌ടേഴ്‌സ് ടീം – പ്രസ്‌ക്ലബ് ടീം കബഡി പ്രദര്‍ശന മത്സരവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel