സഞ്ചാരികളുടെ മനംകവർന്ന മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അടുത്തവർഷം മുതൽ ആഗോളതലത്തിൽ നടക്കുന്ന ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഫ്ളവർ ഫെസ്റ്റിവലായി മാറ്റാൻ ടൂറിസം വകുപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയിലും ആമ്പൽപൂവ് പൂത്തുനിൽക്കുന്ന സുന്ദരകാഴ്ചകൾ കാണുവാൻ ഒരുലക്ഷത്തിലധികം ആളുകൾ എത്തിയ പശ്ചാത്തലത്തിലാണ് ടൂറിസംവകുപ്പ് ടൂറിസം സാധ്യതകൾ തെരയുന്നത്. ആമ്പൽ കാഴ്ചകളെ ടുലിപ് മാതൃകയിൽ പിങ്ക് വാട്ടൽ ലില്ലി ഫെസ്റ്റ് എന്ന പേരിൽ വിപുലപ്പെടുത്തുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചു .
ഉത്തരവാദിത്ത ടൂറിസം മിഷനെയാണ് ഇക്കാര്യം ഏൽപ്പിക്കുക. സഞ്ചാരികളുടെ മനംകവർന്ന് മലരിക്കലിലെ ആമ്പൽപാടങ്ങളിലെ ദൃശ്യവസന്തം തുടരുകയാണ്. മീനച്ചിലാർ–മീനന്തലയാർ–കൊടൂരാർ സംയോജന പദ്ധതിയുടേയും ഉത്തരവാദിത്ത ടൂറിസം ഗ്രാമം പ്രോജക്ടിന്റെയും ഭാഗമായിട്ടാണ് മലരിക്കൽ പ്രദേശം ടൂറിസം ഗ്രാമമായി വളർന്നത്.
ആംസ്റ്റർഡാം, ഹോളണ്ട്, കാനഡയിലെ ഒട്ടാവ തുടങ്ങി ആഗോളതലത്തിലുള്ള ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഒരു ഫ്ളവർ ഫെസ്റ്റിവലാണ് ആലോചനയിലുള്ളത്. ഇതുവഴി വിദേശ സഞ്ചാരികളെ ആകർഷിക്കാനാകും. ഇതിനായി ടൂറിസം സർക്യൂട്ട് ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനെ ഏൽപ്പിച്ചത്.
മലരിക്കലും പരിസരങ്ങളിലുമായി 15ലധികം സ്ഥലങ്ങൾ ഇതിനായി കണ്ടെത്തി. അമ്പാട്ടുകടവ്, മാഞ്ചിറ, ചീപ്പുങ്കൽ, വെട്ടുകാട്, നീലംപേരൂർ റൂട്ടിലെ ആറായിരം കടവ്, പുത്തൻകായൽ, കല്ലറ പാടശേഖരം, വാകത്താനം തൃക്കോതമംഗലം തുടങ്ങിയ സ്ഥലങ്ങളാണിത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് പദ്ധതി. ഫോട്ടോയ്‌ക്ക് വേണ്ടി വ്യാപകമായി ആമ്പൽപ്പൂവുകൾ പറിച്ച് ഉപേക്ഷിക്കുന്ന സ്ഥിതി അനുവദിക്കില്ല.
കൃഷിക്കായി നീക്കം ചെയ്യപ്പെടുന്നവയാണെങ്കിലും ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പൂക്കൾ നിലനിർത്താൻ സംവിധാനമൊരുക്കും. ഇത്തരം പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മീനച്ചിലാർ–-മീനന്തലയാർ–-കൊടൂരാർ സംയോജന പദ്ധതി കോ–ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാറിനെയും മന്ത്രി അഭിനന്ദിച്ചു

Get real time update about this post categories directly on your device, subscribe now.