ബംഗളൂരു: തീയറ്ററിലെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.

ബംഗളൂരു പി.വി.ആര്‍ ഓറിയോണ്‍ മാളില്‍ ധനുഷിന്റെ അസുരന്‍ സിനിമ കാണാന്‍ എത്തിയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

പാകിസ്ഥാനി തീവ്രവാദികളെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു കുടുംബത്തിന് നേരെ നടി ബി.വി ഐശ്വര്യയുടെയും സംഘത്തിന്റെയും കയ്യേറ്റശ്രമം നടന്നത്. പിന്നീട് കുടുംബത്തെ തീയറ്ററില്‍ നിന്നും ഇറക്കിവിട്ടു.

സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ഐശ്വര്യ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഈ ദേശവിരുദ്ധര്‍ വിസമ്മതിച്ചു. ഈ ഇന്ത്യന്‍ വിരുദ്ധരെ ശരിയാക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലേ? എന്ന അടിക്കുറിപ്പോടെയായിരുന്നു ഐശ്വര്യ വീഡിയോ പങ്കുവച്ചത്.

തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്നും ആരെയെങ്കിലും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന വിധത്തില്‍ സദാചാര പൊലീസിംഗ് അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.