വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ രണ്ട് പിഞ്ചുകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതിവിധി കടുത്ത പ്രതിഷേധമാണ് വരുത്തിവച്ചത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷണം. മാനവും ജീവനും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.

പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് ഉചിതമെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസം പകരുന്നതാണ്. എന്നാല്‍, പതിവുപോലെ ഈ കേസിലും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് യുഡിഎഫിനും ബിജെപിക്കും പഥ്യമെന്ന് അവരുടെ ചെയ്തികള്‍ വ്യക്തമാക്കുന്നു. നിയമസഭ ആദ്യദിനംതന്നെ അലങ്കോലമാക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം, അവരുടെ ആത്മാര്‍ഥതയില്ലായ്മ വെളിപ്പെടുത്തി.

തെരുവില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമവും ഇവരുടെ കാപട്യത്തിന് തെളിവായി. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിലല്ല, സര്‍ക്കാരിനെ കരിതേക്കാനാകുമോ എന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നോട്ടം.പതിമൂന്നുകാരി പെണ്‍കുട്ടി കൂരയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2017 ജനുവരി ഒന്നിനായിരുന്നു. ആത്മഹത്യയെന്ന നിലയില്‍ കേസിനെ ലഘൂകരിക്കുന്ന സമീപനമാണ് അന്ന് ലോക്കല്‍ പൊലീസ് സ്വീകരിച്ചത്.