മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ എട്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു കേസിലാണ് അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കള്‍ക്ക് അനധികൃത നിയമനം നല്‍കിയെന്ന പരാതിയില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ഉമ്മന്‍ചാണ്ടി, വി എസ് ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഇതേ കേസിലുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ ചെന്നിത്തല ക്രമക്കേട് കാട്ടിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു.

ഇത് പരിശോധനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചെന്നിത്തലയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടില്‍ വിജിലന്‍സ് കോടതിയുടെ അന്തിമ ഉത്തരവായിട്ടില്ല.