ബിജെപി അധ്യക്ഷ സ്ഥാനത്തിനായി തമ്മിലടി; സുരേന്ദ്രനും കുമ്മനത്തിനുമായി രണ്ട് പക്ഷം

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയേറി. നവംബര്‍ രണ്ടാം വാരത്തോടെ പ്രഖ്യാപനമുണ്ടാകും. മിസോറം ഗവര്‍ണറായിപ്പോകുന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളക്ക് പകരമായാണ് സുരേന്ദ്രനെത്തുക. ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും ദേശീയ നേതൃത്വം സുരേന്ദ്രന് പരിഗണന നല്‍കുന്നതായാണ് സൂചന.

കടുത്ത എതിര്‍പ്പിലായിരുന്ന ആര്‍എസ്എസ് നേതൃത്വം അയഞ്ഞതും അനുകൂല ഘടകമാണ്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ആര്‍എസ്എസിന് യോജിച്ച അഭിപ്രായമില്ലെന്നതും പ്രത്യേകതയാണ്. സുരേന്ദ്രനെ കൂടാതെ ആറ് പേരുകളാണ് പരിഗണനയില്‍. ഇതില്‍ ആര്‍എസ്എസിലെ ഒരുവിഭാഗം കുമ്മനം രാജശേഖരനായി വാദിക്കുന്നു.

വത്സന്‍ തില്ലങ്കേരിക്കായി ഒരു വിഭാഗമുണ്ട്. വിജ്ഞാന്‍ ഭാരതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി എ ജയകുമാര്‍, ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. ബിജെപിക്കുള്ളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് നയിക്കുന്ന വിഭാഗം ജനറല്‍ സെക്രട്ടറി എം ടി രമേശിനായാണ് നിലകൊള്ളുന്നത്.

നേരത്തെ ആര്‍എസ്എസിന്റെ ശക്തമായ പിന്തുണ രമേശിനായിരുന്നു. പക്ഷേ ശബരിമല സമരത്തിലൂടെ ആര്‍ജിച്ച ‘ബലിദാനി ‘ പരിവേഷവും തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളിലൂടെയുള്ള സഹതാപ പ്രതിച്ഛായയും സുരേന്ദ്രന് അനുകൂലമായതായി നേതാക്കള്‍ പറയുന്നു.

കുമ്മനത്തിന് ദേശീയ ഭാരവാഹിത്വം, സുരേന്ദ്രന് പ്രസിഡന്റ് പദം എന്ന ധാരണ തര്‍ക്കത്തിനൊടുവില്‍ രൂപംകൊള്ളുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതീക്ഷ. ഗവര്‍ണറായി നിയമിതനായ ശ്രീധരന്‍പിള്ള തിങ്കളാഴ്ച പ്രസിഡന്റ് പദവും ബിജെപി അംഗത്വവും രാജിവച്ചു. നവംബര്‍ ആദ്യം പിള്ള ഗവര്‍ണര്‍ പദമേറ്റെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News