അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ് എന്നത് ഇന്നും ശാസ്ത്ര ലോകത്തിന് ഉത്തരം കിട്ടാത്ത ഒരു മരീചികയാണ്. ഏലിയന്‍സിന് മനുഷ്യനും ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പിറകെയാണ് ശാസ്ത്രലോകം. ഇത്തരം സിനിമകള്‍ ഏറെ പുറത്തിറിങ്ങിയിട്ടുമുണ്ട്. എന്നാല്‍ വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.

അന്യഗ്രഹ ജീവികള്‍ യു.എസ് സര്‍ക്കാരിനെ ബന്ധപ്പെടാറുണ്ടെന്നും ലോകത്തിനു മുന്നില്‍ നിന്നും സുരക്ഷാ ഏജന്‍സികള്‍ ഇത് മറച്ചു പിടിക്കുകയാണ് എന്ന തരത്തിലുമുള്ള അഭ്യൂഹങ്ങളെ വെളിച്ചത്തു കൊണ്ടു വന്നിരിക്കുകയാണ് എഡ്വാര്‍ഡ് സ്നോഡന്‍.

അമേരിക്കയിലെ തന്ത്രപ്രധാന സൈനികത്താവളമായ ഏരിയ 51ല്‍ നടക്കുന്നത് അന്യഗ്രഹജീവികളെക്കുറിച്ചുള്ള പരീക്ഷണങ്ങളാണെന്നാണ് അവിടുള്ള ജനത വിശ്വസിക്കുന്നത്. അത് നടത്തി വരുന്നത് അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമാണ് എന്നാണ് യു.എസിലെ ജനങ്ങള്‍ വിശ്വസിച്ചരിക്കുന്നത്.

പെര്‍മനെന്റ് റെക്കോര്‍ഡ് എന്ന പേരില്‍ ഈയടുത്ത് പുറത്തിറക്കിയ ഓര്‍മ്മക്കുറിപ്പിലാണ് സ്നോഡന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അദ്ദേഹം സി.ഐ.എയില്‍ ഉണ്ടായിരുന്ന കാലത്ത് യു.എസോ അതിന്റെ ഏജന്‍സികളോ ഒരു ഭൗമേതര ജീവികളെ പോലും കണ്ടെത്തുകയോ അവയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് സ്നോഡന്‍ പറയുന്നത്.

‘ അന്യഗ്രഹ ജീവികള്‍ ഒരിക്കലും ഭൂമിയുമായി ബന്ധപ്പെട്ടില്ല, യു.എസിന്റെ ഇന്റലിജന്‍സിനെ പോലും ബന്ധപ്പെട്ടിട്ടില്ല’ സ്നോഡന്‍ എഴുതി.

അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധം സ്ഥാപിക്കുന്നുണ്ട് എന്ന് വിശ്വസിച്ചരിക്കുന്ന പോലെ തന്നെ യു.എസിലെ പലരും വിശ്വസിക്കുന്ന ഒരു കാര്യമാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല എന്നത്. എന്നാല്‍ അത് തീര്‍ച്ചയായും നടന്നതു തന്നെയാണ് എന്നും സ്നോഡന്‍ വെളിപ്പെടുത്തി.

ഇതേകാര്യം സ്നോഡന്‍ ഇതിനിടയ്ക്ക് പ്രക്ഷേപണം ചെയ്ത ‘ദ ജോ റോഗന്‍ എക്സ്പീരിയന്‍സ്’ എന്ന പോഡ്കാസ്റ്റിന്റെ ഒരു അധ്യായത്തിലും വിശദീകരിക്കുകയുണ്ടായി.

എന്നാല്‍ അന്യഗ്രഹ ജീവികള്‍ എന്ന ആശയത്തെ പറ്റെ ഒഴിവാക്കുകയല്ല സ്നോഡനും.

ഞങ്ങള്‍ അന്യഗ്രഹജീവികളെ മറച്ചു വെക്കുകയാണെങ്കില്‍ അക്കാര്യം മറഞ്ഞു തന്നെയിരിക്കും. അതിനകത്തുള്ള ആള്‍ക്കാരില്‍ നിന്നു പോലും മറഞ്ഞു തന്നെയിരിക്കും. സ്നോഡന്‍ പറഞ്ഞു.

അന്യഗ്രഹ ജീവികള്‍ വന്ന് കീഴടക്കുന്ന സിദ്ധാന്തങ്ങള്‍, അന്യഗ്രഹ ജീവികള്‍ വന്ന് തട്ടിക്കൊണ്ടു പോകല്‍, ഇതുമായി ബന്ധപ്പെട്ട ചില വിചിത്രമായ പരീക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു നൂറ്റാണ്ടിലേറെയായി അമേരിക്കയുടെ പോപ് കള്‍ച്ചറിന്റെ ഭാഗമായി ഉള്ളതാണ്.

ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ് തീയറി’ എന്നു പേരായ ബഹിരാകാശ സിദ്ധാന്തം തന്നെ വിചിത്രമാണ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു അന്യഗ്രഹ ജീവികളുടെ ഉപഗ്രഹം സ്ഥിതി ചെയ്യുന്നുണ്ടെന്നും അത് ഒരു നാള്‍ വന്ന് ഭൂമിയെ ആക്രമിക്കുമെന്നുമാണ് അതില്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി തീയറികളും വിശ്വാസങ്ങളുമാണ് ഇന്നും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.