കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന.

താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന്‌ തുടർച്ചയായി 86-ാം ദിവസവും അവിടെ സാധാരണ ജീവിതം തടസ്സപ്പെട്ടു.

കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്‌. കശ്‌മീരിലെ ജനങ്ങൾക്ക്‌ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിൽ അതിയായ ഉൽക്കണ്ഠയുണ്ടെന്ന്‌ യുഎൻ മനുഷ്യാവകാശ ഹൈകമീഷണറുടെ വക്താവ്‌ റൂപെർട്‌ കോൾവിൽ പറഞ്ഞു.

സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനും കടകൾ തുറക്കാനും ശ്രമിക്കുന്ന നാട്ടുകാരെയും വിദ്യാർഥികളെയും അവിടെ പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾ ഭീഷണിപ്പെടുത്തുന്നതായും തങ്ങൾക്ക്‌ വിവരം ലഭിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരടക്കം നിരവധി നേതാക്കൾ ഇപ്പോഴും കരുതൽ തടവിലാണ്‌. സംസ്ഥാന മനുഷ്യാവകാശ കമീഷൻ, വിവരാവകാശ കമീഷൻ തുടങ്ങിയവയൊന്നും പ്രവർത്തിക്കുന്നില്ല.

സഞ്ചാരസ്വാതന്ത്ര്യവും മാധ്യമ നിയന്ത്രണവും ഹേബിയസ്‌ കോർപസും സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയുടെ മെല്ലെപ്പോക്കിനെയും യുഎൻ കമീഷണർ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel