ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ നടപടിയുമായി പൊലീസ്

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടപടിയിലേക്ക്. പ്രതികളോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. റഫറിയും ഒഫീഷ്യല്‍സുമടക്കം 4 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇവരെ ചോദ്യം ചെയ്യും. കേസിലെ കുറ്റപത്രം വേഗത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.

അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വളന്റിയറായ അഫീല്‍ ജോണ്‍സണ്‍ മരിച്ചത്. ഒരേ ഫിനിഷിംഗ് പോയിന്റ് നിശ്ചയിച്ച് ജാവലിന്‍,ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം നടത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയത്.

സംഭവത്തില്‍ നാലു പേര്‍ കുറ്റക്കാരാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ത്രോമത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, വിധികര്‍ത്താവായ ടി.ഡി മാര്‍ട്ടിന്‍, സിഗ്‌നല്‍ നല്‍കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന ജോസഫ്, പി. നാരായണന്‍കുട്ടി എന്നിവരാണ് കുറ്റക്കാര്‍.

മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ഇവര്‍ക്കെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്താലും പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കും. അതിനാല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. പകരം ജാമ്യം വേഗം ലഭിക്കുന്നത് ഒഴിവാക്കാനായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പോലീസിന്റെ വിശദീകരണം. അഫീലിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കേസിലെ നടപടികള്‍ വേഗത്തിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News