മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്താൻ ബിജെപി; അധികാരം പങ്കിടാൻ തമ്മിലടി

ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപി. എൻസിപിയുമായും കോൺഗ്രസുമായും കൂട്ടുകൂടാൻ നിർബന്ധിതരാക്കരുതെന്ന്‌ ശിവസേന. അടുത്ത അഞ്ചുവർഷത്തേക്കുകൂടി  മുഖ്യമന്ത്രിയായി തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണെന്ന്‌  ദേവേന്ദ്ര ഫട്നാവിസ്.

അധികാരം പങ്കിടുന്നതിനെ ചൊല്ലിയുള്ള ബിജെപി, ശിവസേന തമ്മിലടി പുതിയ തലത്തിൽ. ഫലംവന്ന് ഒരാഴ്‌ച പിന്നിടുമ്പോഴും സർക്കാരുണ്ടാക്കാൻ കഴിയാത്തത് ദേശീയതലത്തിൽ ബിജെപിക്ക് നാണക്കേടായി.

ശിവസേനയിലെ 45 എംഎൽഎമാർ സർക്കാരുണ്ടാക്കാൻ ബിജെപിയുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്ന ബിജെപി എംപി സഞ്‌ജയ്‌ കാകദേ വെളിപ്പെടുത്തി. സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ശിവസേന എംഎൽഎമാരുമായി ചർച്ച നടക്കുന്നുവെന്നും  കാകദേ വാർത്താഏജൻസിയോട്‌ പറഞ്ഞു. പ്രതികരണം വിവാദമായതോടെ കാകദേ നിലപാട് മയപ്പെടുത്തിയെങ്കിലും ബിജെപിയുടെ തന്ത്രം പുറത്തുവരാനിത് വഴിവച്ചു.

മുഖ്യമന്ത്രിസ്ഥാനം  പങ്കിടാമെന്ന്‌  ശിവസേനയ്‌ക്ക്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഉറപ്പ്‌ നൽകിയിട്ടില്ലെന്ന്‌ ഫട്നാവിസ് മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ബിജെപി നിയമസഭാ കക്ഷിനേതാവിനെ ബുധനാഴ്‌ച തെരഞ്ഞെടുക്കും. “എന്റെ പേര്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്‌. യോഗം ഔപചാരികം മാത്രമാണ്‌’–-ഫട്നാവിസ് പറഞ്ഞു.

അധികാരം പങ്കിടുന്നകാര്യത്തിൽ ഫട്നാവിസിന്റെ നിലപാട് അതാണെങ്കിൽ സത്യത്തിന്റെ നിർവചനംതന്നെ മാറ്റേണ്ടിവരുമെന്ന്‌ ശിവസേനാവക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ തിരിച്ചടിച്ചു. ക്യാമറകൾക്കുമുന്നിൽ പറഞ്ഞതാണ്‌  ഇപ്പോൾ നിഷേധിക്കുന്നത്‌.

സംസ്ഥാനഭരണത്തിൽ  50:50 എന്ന തത്വം നടപ്പാക്കണമെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ശിവസേനാ അധ്യക്ഷൻ ഉദ്ധവ്‌ താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചു. ബിജെപി അധ്യക്ഷൻ അമിത്‌ ഷായുടെ സാന്നിധ്യത്തിലാണ്‌ ഇതൊക്കെ നടന്നത്‌–-റാവത്ത്‌ പറഞ്ഞു.
തർക്കത്തിൽ അമിത്‌ ഷാ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here