ഗുഡ്വിന്‍ നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ഉടമയുടെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

മുംബൈ: ആയിരക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാക്കി അടച്ചു പൂട്ടിയ ഗുഡ്വിന്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ സുനില്‍ കുമാറിന്റെ ഡ്രൈവര്‍ ഗണേഷിനെ ഡോംബിവ്ലി പോലീസ് കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തു.

സ്ഥാപനത്തിന്റെ വിശ്വസ്തനും സാധനങ്ങള്‍ കടത്തുന്നതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗണേഷില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ജ്വല്ലറി ഉടകമകള്‍ താമസിച്ചിരുന്ന ഡോംബിവ്ലിയിലെ പലാവ താമസ സമുച്ചയത്തിലെ വീട്ടില്‍ നിന്നും സാധന സമഗ്രഹികള്‍ വലിയ പെട്ടികളിലാക്കി വണ്ടികളില്‍ കയറ്റി കൊണ്ട് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

നിക്ഷേപ തട്ടിപ്പിന് ഇരയായ മുന്നൂറിലധികം പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തിയതെങ്കിലും പരാതി രേഖാ മൂലം നല്‍കിയത് 69 പേര്‍ മാത്രമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

വസായിയില്‍ മൊത്തം 1022 പരാതിക്കാര്‍ 2500 ലധികം നിക്ഷേപ രശീതുകള്‍ ഹാജരാക്കി. ഏകദേശം 20 കോടി രൂപയുടെ നിക്ഷേപമാണ് വസായ് മേഖലയിലെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അന്യഭാഷ തൊഴിലാളികളില്‍ നിന്നായി സമാഹരിച്ചിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും പരാതിപ്പെടുവാന്‍ പോലും അറിയാത്തവരാണ്.

ഇവര്‍ക്കായി പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും മലയാളി സമാജത്തിന്റെയും നേതൃത്വത്തില്‍ വസായ് മണിക്ക്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഗുഡ്വിന്‍ ജ്വല്ലേഴ്സിന്റെ വസായ് ശാഖ സീല്‍ ചെയ്യുകയും ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുവാനും നടപടികള്‍ എടുത്തു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ജ്വല്ലറി ഉടമകളായ സുനില്‍ കുമാര്‍, സുധീഷ്‌കുമാര്‍ സഹോദരന്മാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്ന് ഡോംബിവ്ലി പോലീസ് അറിയിച്ചു. പ്രതികള്‍ ഇന്ത്യ വിടുവാനുള്ള സാദ്ധ്യതകള്‍ കുറവാണെന്നും കേരളത്തിലോ സൗത്ത് ഇന്ത്യയിലെ മറ്റ് സുരക്ഷിത സംസ്ഥാനത്തിലോ ഉണ്ടാകുമെന്നു സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നിക്ഷേപ തട്ടിപ്പ് കേസില്‍ ഇരകളായവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. മാസ ശമ്പളക്കാര്‍ മുതല്‍ കൂലിപ്പണിക്കര്‍ വരെയാണ് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ കൈവിട്ടുപോയ ദുഃഖത്തില്‍ വേവലാതിപ്പെടുന്നത്. ചെറിയ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച തുകകള്‍ തവണകളായി ഏജന്റുമാര്‍ മുഖേന നിക്ഷേപിച്ചവരാണ് എണ്ണത്തില്‍ കൂടുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News