യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം കൂടുതല്‍ വിവാദത്തില്‍. വിദേശ പ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ട് മാഡി ശര്‍മ്മ എന്ന ബിസിനസ് ഇടനിലക്കാരി അയച്ച മെയില്‍ പുറത്ത്.

എന്നാല്‍ യുകെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന മാഡി ശര്‍മ്മക്ക് ഇവരെ ക്ഷണിക്കാന്‍ ആര് അനുമതി നല്കിയതെന്നത് അവ്യക്തം. ബിജെപിയുമായുള്ള മാഡി ശര്‍മയുടെ ബന്ധവും വിവാദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ ദിവസം വിദേശ പ്രതിനിധികള്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ മാഡി ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.

രാജ്യത്തെ ജനപ്രതിനിധികളെ തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ മുതല്‍ പ്രതിഷേധങ്ങള്‍ ശക്തമാണ്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയാണ് വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം സ്‌പോണ്‌സര്‍ഡ് പരിപാടിയാണെന്നതിന് തെളിവുകള്‍ പുറത്തുവരുന്നത്. പ്രധാനമായും വിദേശ പ്രതിനിധികളെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഇ മെയില്‍ അയച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വെസ്റ്റ് എന്ന എന്‍ജിഒ ആണ് യൂറോപ്പിയന്‍ യൂണിയന്‍ സംഘത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്. എന്നാല്‍ വെസ്റ്റ് എന്ന് പറയുന്ന എന്‍ജിഒ യുടെ പ്രധാന സാമ്പത്തിക സ്രോതസ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഡി ഗ്രൂപ്പ് എന്ന കമ്പനിയാണ്.

ഈ കമ്പനിയുടെ ഫൗണ്ടറും, ഡയറക്ടറുമാണ് മാഡി ശര്‍മ എന്നറിയപ്പെടുന്ന മാധു ശര്‍മ്മ. മാഡി ശര്‍മ്മ എംപി മാരെ ക്ഷണിച്ചുകൊണ്ട് അയച്ച മെയില്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ക്രിസ് ഡേവിസിന് അയച്ച മെയില്‍ ആണ് പുറത്തായത്.

ബിസിനസ് ഇടനിലക്കാറിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മയെ വിദേശ പ്രതാനിധികളെ ക്ഷണിക്കുന്നതിന് ആരാണ് ചുമതലപ്പെടുത്തിയെന്നത് ഇനിയും വ്യക്തമല്ല.

പ്രധാനമന്ത്രി നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യയില്‍ എത്തിയാല്‍ കശ്മീര്‍ സന്ദര്‍ശനം നടത്താം എന്നുമാണ് മെയില്‍ അയച്ചതും. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാഡി ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.