ശക്തമായ മഴ തുടരുന്നു; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി; ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

അറബിക്കടലില്‍ ലക്ഷ്വദ്വീപ്, മാലിദ്വീപ് കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നത്. ഈ ജില്ലകളില്‍ തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ഒപ്പം കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിച്ചു.

ഇന്ന് കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ 65 കീലോമീറ്റര്‍ വേഗതയില്‍ വീശുമെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here