ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

ഭീകരവാദം ആഗോള പ്രശ്‌നമാണെന്നും, ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല സത്യാവസ്ഥ അറിയാനാണ് എത്തിയതെന്നും എംപിമാരുടെ സംഘം പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമെന്നും സംഘം ചൂണ്ടിക്കാട്ടി.

അതേസമയം, വിദേശസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ കാശ്മീരിലടക്കം പ്രതിഷേധം ശക്തമാണ്. തീവ്ര വലത് പക്ഷ നിലപാട് എടുക്കുന്നവര്‍ ആണ് സംഘത്തിലെ ആളുകള്‍ എന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.

കഴിഞ്ഞ ദിവസം സംഘം കശ്മീരില്‍ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ സ്വതന്ത്രമായി കശ്മീര്‍ സന്ദര്ശിക്കണമെന്നും, മോഡി സര്‍ക്കാരിന്റെ പിബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാകാന്‍ തലപര്യമില്ലെന്നും സംഘത്തിലുണ്ടായിരുന്ന ക്രിസ് ഡേവിസ് വ്യക്തമാക്കിയതും വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു.

വിദേശ പ്രതിനിധികള്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രാദേശിക മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തതും മോദി സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.