കീഴടങ്ങാന്‍ എത്തിയവര്‍ എന്തിന് മാരകായുധങ്ങളുമായി വന്നു? മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലില്‍; നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും പാലക്കാട് എസ്പി

പാലക്കാട്: മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്ന് പാലക്കാട് എസ്പി ശിവ വിക്രം.

മാരക ആയുധങ്ങളുമായാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നും കീഴടങ്ങാനാണെങ്കില്‍ എന്തിനാണ് ഇത്രയും ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഏറ്റുമുട്ടലാണോയെന്ന് അറിയാന്‍ പൊലീസ് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സാക്ഷികളോട് ചോദിച്ചാല്‍ മതിയെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചും വെടിവെച്ചത്. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും എസ്പി പറഞ്ഞു.

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് സ്വയരക്ഷക്കായാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും തിരിച്ചു വെടിവച്ചതെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞു.

ഏതൊരു സാഹചര്യത്തിലായാലും മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കുക എന്നതും ജനാധിപത്യ ജീവിതക്രമം നിലനിര്‍ത്തുകയും ചെയ്യുക എന്ന ഭരണഘടനാപരമായ ചുമതല സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
സ്വാഭാവികമായും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായുള്ള നിലപാട് പൊലീസിന് സ്വീകരിക്കേണ്ടി വരും.

ജനാധിപത്യപരമായ അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. ഈ കഴിഞ്ഞ ദിവസമുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News