വാളയാര്‍: അപ്പീല്‍ പോകുന്നതില്‍ താത്പര്യമില്ല, പുനരന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ അപ്പീല്‍ പോകുന്നതില്‍ താത്പര്യമില്ലെന്നും പുനരന്വേഷണം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ. സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കാനും തുടരന്വേഷണത്തിനുള്ള അനുമതി കോടതിയില്‍ നിന്ന് തേടാനും സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് പുനരന്വേഷണം വേണമെന്ന ആവശ്യം പെണ്‍കുട്ടികളുടെ അമ്മ ആവര്‍ത്തിച്ചത്. അപ്പീല്‍ പോകുന്നതില്‍ താത്പര്യമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാളയാര്‍ കേസില്‍ സെപ്തംബര്‍ 30 നാണ് മൂന്നാം പ്രതി പ്രദീപ് കുമാറിനെ കോടതി വെറുതെ വിടുന്നത്. ബലാത്സംഘം, ആത്മഹത്യ പ്രേരണ, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങി എട്ട് കുറ്റകൃത്യങ്ങള്‍ ചുമത്തിയെങ്കിലും പ്രോസിക്യൂഷന് ഇതൊന്നും തെളിയിക്കാനായില്ല.

പീഢനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മുന്‍കാലത്തെ പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികള്‍ പ്രതികളുടെ വീട്ടില്‍ പതിവായി പോവാറുണ്ടെങ്കിലും പീഢിപ്പിച്ചുവെന്ന് തെളിയാക്കാനായില്ല. ഫോറന്‍സിക് പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ കേസിലും 54 സാക്ഷികളാണുണ്ടായിരുന്നത്. 13 വയസ്സുകാരിയായ കുട്ടിയുടെ കേസില്‍ 28 പേരെയും ഒന്‍പത് വയസ്സുകാരിയായ കുട്ടിയുടെ കേസില്‍ 25 പേരെയുമാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നത്.

തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായ സാക്ഷി മൊഴികളും അപര്യാപ്തമായിരുന്നപ്പോഴും കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കിയത് വലിയ പിഴവാണ്. ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വയലാറില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കാല്‍ തല്ലിയൊടിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel