മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം: വസ്തുതകളെ വഴിതിരിച്ചു വിടാനുള്ള ശ്രമം ശരിയല്ല: ഡിവൈഎഫ്ഐ

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ നടക്കുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണ്. വസ്തുതാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കമാണ്.

മാവോയിസ്റ്റുകൾ സായുധരാണ്‌. വനത്തിനുള്ളിൽ അവർക്കെതിരെ നീക്കം നടക്കുമ്പോൾ, അവർ ആക്രമിച്ചാൽ, പോലീസ് സേനയ്ക്ക് ആയുധമുപയോഗിക്കേണ്ടി വരും.

വ്യാജ ഏറ്റുമുട്ടൽ പാടില്ല, സ്വാഭാവികമായുണ്ടാകുന്ന ഏറ്റുമുട്ടലിൽ പോലീസിനെ പ്രതിസ്ഥാനത്തു നിർത്തുന്നത് ശരിയുമല്ല. നിയമ നിർവഹണത്തെ അട്ടിമറിക്കാൻ മാത്രമേ ഇത്തരം പ്രചരണങ്ങൾ ഉപകരിക്കുകയുള്ളൂ.

തിരച്ചിലിനിടയിൽ വെടിയുതിർക്കുന്ന മാവോയിസ്റുകൾക്കെതിരെ തിരികെ വെടിയുതിർക്കുന്നത് സേനാ നീക്കത്തിന്റെ ഭാഗമാണ്.

സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തി കല്ലെറിയുന്നത് രാഷ്ട്രീയ പ്രേരിതമാണ്.വ്യാജ ഏറ്റുമുട്ടലെന്ന് മുൻവിധിയോടെ നിഗമനത്തിലെത്തുന്നത് എന്തിനാണ്?

ഉത്തരേന്ത്യയിൽ നടക്കുന്നത് പോലെ കസ്റ്റഡിയിലെടുത്തു വെടിവച്ചുകൊല്ലുന്ന രീതിയാണ് ഇവിടെ നടന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലർ നടത്തുന്നത്.

ആദ്യം 28 ന് പകൽ 12.30 ന് പട്രോളിംഗ് സംഘത്തിന് നേരെ വെടിയുതിർത്തു. അതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായതായി.

ഈ മൃതശരീരങ്ങൾ ഇൻകോസ്റ്റ് നടപടികൾ തുടരവേ പോലീസിനും ഒറ്റപ്പാലം അസിസ്റ്റന്റ് കളക്ടർ, തഹസിൽദാർ, മണ്ണാർക്കാട് തഹസിൽദാർ എന്നിവർക്കെതിരെ വെടിയുതിർത്തു.

പോലീസ് തിരികെ വെടിവച്ചതിലാണ് ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘത്തിൽ നിന്നും വിദേശ നിർമ്മിത ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മറിച്ചുള്ള നിഗമനത്തിൽ എത്തുന്നത് അന്വഷണത്തിനു ശേഷമാകണം. ഇത് സംബന്ധിച്ച് ആവശ്യമായ അന്വഷണം സർക്കാർ നടത്തണം.

രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി യാഥാർഥ്യമാണ്. കേരളത്തിൽ ഭീഷണി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു പ്രത്യേക സേന രൂപീകരിച്ചതും.

സായുധരായ മാവോയിസ്റ്റ് സംഘങ്ങളിൽ നിന്നും കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.
നാടിന്റെ സുരക്ഷയിൽ രാഷ്ട്രീയം കലർത്തുന്നത് നെറികേടാണ്.

സമാധാന ജീവിതം ഉറപ്പുള്ള കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം ചെറുത്തു തോൽപ്പിക്കേണ്ട ബാധ്യത കേരളത്തിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുമുണ്ട് എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News