റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം; സ്വർണത്തിന്‌ രേഖയില്ലെങ്കിൽ 33 ശതമാനം പിഴ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം. രസീതില്ലാത്ത സ്വര്‍ണത്തെ കള്ളപ്പണമായി കണ്ട്‌ 33 ശതമാനം പിഴയീടാക്കാനാണ്‌ നീക്കം.

രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വർണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നി​ഗമനം. ഈ സ്വർണം നിയമപരമാക്കാൻ അവസരം എന്ന പേരിലാണ്‌ പുതിയ പദ്ധതി.

രണ്ടു വർഷംമുമ്പ്‌ കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം നിക്ഷേപിച്ച്‌ പകരം പണം നേടുക എന്നതായിരുന്നു പദ്ധതി. പുതിയ നിർദേശ പ്രകാരം കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക്‌ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കും.

നിശ്ചിത അളവിലുള്ള സ്വർണത്തിന് ഇളവ്‌ നൽകും. അധികമുള്ളത്‌ പിഴയടച്ച്‌ നിയമപരമാക്കാൻ അവസരം നൽകും.

30 ശതമാനം നികുതിയും മൂന്ന്‌ ശതമാനം സെസും ഈടാക്കും. സമയപരിധിക്കുശേഷം രേഖയില്ലാതെ സ്വർണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തും.

സ്വർണാഭരണങ്ങളിൽ താൽപ്പര്യമുള്ള ദക്ഷിണേന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ കേന്ദ്രനീക്കം. പാരമ്പര്യമായി കൈമാറിയ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നവർക്ക്‌ രേഖ ഹാജരാക്കാനാകില്ല.

വീടുകളിൽ പരിശോധന നടത്താൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അടക്കമുള്ള ഏജൻസികൾക്ക്‌ അവസരമുണ്ടാകും.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രം ഇതിലൂടെ പുതിയ സാധ്യത തുറക്കുകയാണ്‌. ആരാധനാലയങ്ങളിലെ സ്വർണനിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ആശയക്കുഴപ്പമുണ്ടാകും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News