കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ; ഭൂമി ഏറ്റെടുത്ത് നൽകി വാക്കുപാലിച്ച സംസ്ഥാന സർക്കാരിന് അഭിമാനനേട്ടം

കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലില്‍ ഭൂമി ഏറ്റെടുത്ത് നൽകി വാക്കുപാലിച്ച സംസ്ഥാന സർക്കാരിന് അഭിമാനനേട്ടം. ഭൂമിയേറ്റെടുക്കലിന് നേതൃത്വം നൽകിയ കോട്ടയം ജില്ലാ കളക്ടർക്കും ജീവനക്കാർക്കും അഭിനന്ദനം അറിയിച്ചു റെയിൽവെയുടെ കത്ത്.

കോട്ടയം വഴിയുള്ള റെയിൽവെ ലൈനിൽ മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട‌് വില്ലേജുകളിലെ 3.93 ഹെക്ടർ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് ദക്ഷിണ റെയിൽവെക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് ഒക്ടോബർ 25 ന് മുമ്പായി മുഴുവൻ ഭൂമിയും ഏറ്റെടുത്ത് കൈമാറുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു.

വാക്കുപാലിച്ച കോട്ടയം ജില്ലാ കളക്ടർക്കും ജീവനക്കാർക്കും അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള റെയിൽവെയുടെ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചു. ഭൂമി ഏറ്റെടുത്തതിന്റെ പിറ്റേ ദിവസം തന്നെ മൂന്ന് വില്ലേജുകളിലെ 211 ഭൂഉടമകളുടെ അക്കൗണ്ടിലേക്ക് 86.49 കോടി രൂപ കൈമാറാനായതും അപൂർവ നേട്ടമാണ്.

ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 16.5 കിലോമീറ്റർ നിലവിൽ ഒറ്റവരിപ്പാത മാത്രമാണുള്ളത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ട്രെയിനുകൾക്ക് കൃത്യസമയം പാലിക്കാനാകും. കൂടാതെ പുതിയ ട്രെയിനുകൾ അനുവദിക്കാൻ കഴിയാതിരുന്നതിരുന്നതിന്റെ പ്രധാന തടസവും നീങ്ങും.

ഭൂമി ലഭ്യമായതിനാൽ 24 മാസം കൊണ്ട് ഇരട്ടപ്പാതയുടെ പണി പൂർത്തിയാകുമെന്നും മഴ മാറിയാൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. ഇതോടെ തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പൂർണമായും വൈദ്യുതീകരിച്ച പാതയായി ഇത് മാറും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel