മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ നിറവേറിയില്ല; ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു; തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്കേറ്റ പ്രഹരം; പ്രകാശ് കാരാട്ട്

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യകക്ഷികളും വന്‍വിജയം നേടുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍, ഫലം അങ്ങനെയായില്ല. ബിജെപി-ശിവസേനാ സഖ്യം മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയത് കുറഞ്ഞ ഭൂരിപക്ഷത്തിലാണ്.

അവരുടെ പല പ്രമുഖരായ മന്ത്രിമാരും നേതാക്കളും പരാജയപ്പെടുകയും ചെയ്തു. ഹരിയാനയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എതിരെ നിന്ന ജെജെപിയുമായി ചേര്‍ന്ന് ഇപ്പോള്‍ ഹരിയാനയില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു.

ഔപചാരികമായി രണ്ടു സംസ്ഥാനത്തും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെങ്കിലും ഫലങ്ങള്‍ യഥാര്‍ഥത്തില്‍ അവര്‍ക്ക് നിരാശാജനകമാണ്. തീവ്രദേശീയതയില്‍ കേന്ദ്രീകരിച്ച് മോഡിയും അമിത് ഷായും ചേര്‍ന്നു നടത്തിയ അതിശക്തമായ പ്രചാരണം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്ന് വ്യക്തം. രണ്ടിടത്തെയും ബിജെപി സര്‍ക്കാരുകളുടെ പ്രകടനത്തോടുള്ള അതൃപ്തിയും ഒരളവോളം പ്രതിഫലിച്ചു.

ഇപ്പോഴത്തെ ഫലത്തെ 2019 മേയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുഫലവുമായി താരതമ്യം ചെയ്താല്‍ രണ്ടു സംസ്ഥാനത്തും ജനപിന്തുണയിലുണ്ടായ ഇടിവ് ബോധ്യമാകും. ഹരിയാനയില്‍ 10 ലോക്സഭാ മണ്ഡലത്തിലും വിജയിച്ച ബിജെപി ആകെയുള്ള 90ല്‍ 80 നിയമസഭാ മണ്ഡലത്തിലും ലീഡ് നേടി.

ഇപ്പോള്‍ അവര്‍ക്കു കിട്ടിയത് 40 സീറ്റ് മാത്രം; വോട്ടുവിഹിതം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 58 ശതമാനത്തില്‍നിന്ന് 36 ആയി കുറഞ്ഞു-22 ശതമാനത്തിന്റെ ഇടിവ്. മത്സരിച്ച ഒമ്പതു മന്ത്രിമാരില്‍ ഏഴു പേരും തോറ്റു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യം 48ല്‍ 41 ലോക്സഭാ സീറ്റും നേടിയതാണ്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും തമ്മില്‍ മത്സരിച്ചപ്പോള്‍ അവര്‍ക്ക് മൊത്തത്തില്‍ 185 സീറ്റ് ലഭിച്ചു, ഇപ്പോള്‍ ഒന്നിച്ചു മത്സരിച്ചപ്പോള്‍ കിട്ടിയത് 161 സീറ്റ്. വോട്ടുവിഹിതം അഞ്ചു ശതമാനം കുറഞ്ഞു. എട്ടു മന്ത്രിമാര്‍ പരാജയപ്പെട്ടു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍നിന്നും എന്‍സിപിയില്‍നിന്നും ബിജെപി-ശിവസേനാ പക്ഷത്തേയ്ക്ക് നേതാക്കള്‍ കൂറുമാറിയിരുന്നതും ശ്രദ്ധിക്കേണ്ടതാണ്. മുന്‍നിയമസഭയിലെ പ്രതിപക്ഷനേതാവും ഇവരില്‍പ്പെടുന്നു.

ഹരിയാനയിലും കോണ്‍ഗ്രസിലെയും ഐഎന്‍എല്‍ഡിയിലെയും ചില നേതാക്കള്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇത്തരത്തില്‍ ദുര്‍ബലമായ പ്രതിപക്ഷമായിരുന്നിട്ടും അവര്‍ക്ക് 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ ജനപിന്തുണ ലഭിച്ചു.

രണ്ടു സംസ്ഥാനത്തും കോണ്‍ഗ്രസിന് ഫലപ്രദമായ പ്രചാരണം നടത്താന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നതയും വഴക്കും പരസ്യമായിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ഉടനീളം തീവ്രമായ പ്രചാരണം നടത്തിയത്. മറുവശത്ത് സംഘടിതമായ പ്രചാരണം നടത്തിയ ബിജെപിക്കുവേണ്ടി രണ്ടു സംസ്ഥാനത്തായി നരേന്ദ്ര മോഡി 16ഉം അമിത് ഷാ 25ഉം റാലികളില്‍ സംസാരിച്ചു.

ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കിയ 370-ാം വകുപ്പ് പിന്‍വലിച്ചതും പാകിസ്ഥാനില്‍നിന്നുള്ള ഭീഷണി നേരിടലുമാണ് ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയത്.

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ നീക്കത്തിനു പിന്തുണ നല്‍കാത്തതില്‍ നരേന്ദ്ര മോഡി പ്രതിപക്ഷത്തെ ആക്രമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 370-ാം വകുപ്പിന്റെ പ്രസക്തി ചോദ്യംചെയ്ത പ്രതിപക്ഷനേതാക്കള്‍ക്കുനേരെ പ്രധാനമന്ത്രി ആക്ഷേപവാക്കുകളും ഉപയോഗിച്ചു.

രണ്ടു സംസ്ഥാനത്തും ബിജെപി പ്രചാരണത്തില്‍ ജനകീയവിഷയങ്ങളൊന്നും കടന്നുവന്നില്ല. മൂന്നുവര്‍ഷം തുടര്‍ച്ചയായി കടുത്ത വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയില്‍ പിന്നാലെ പ്രളയങ്ങളുണ്ടായി. പ്രധാന പ്രശ്നമായ കര്‍ഷകരുടെ ദുരവസ്ഥ അവര്‍ അവഗണിച്ചു.

സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി വ്യവസായകേന്ദ്രങ്ങളില്‍ വന്‍തോതില്‍ തൊഴിലവസരം നഷ്ടപ്പെട്ടു. ഹരിയാനയിലും കര്‍ഷകരുടെ പ്രശ്നങ്ങളും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളും പരാമര്‍ശിച്ചില്ല.

സംസ്ഥാനതല വിഷയങ്ങള്‍ അവഗണിച്ചതിന് ബിജെപി വില നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിലല്ല, നിയമസഭകളിലേക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്; അതുകൊണ്ട് സങ്കുചിത ദേശീയവിഷയങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ഏശിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോള്‍ ബിജെപിക്കും മോഡിസര്‍ക്കാരിനും പ്രഹരമേറ്റിരിക്കുന്നു. ഹിന്ദുത്വ ദേശീയതയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണം വഴി ജനങ്ങളുടെ പിന്തുണ നേടാമെന്നുള്ള അഹന്തയിലായിരുന്നു അവര്‍.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അതൃപ്തിയുടെ അളവ് വ്യക്തമാക്കുന്നു. ബിജെപിക്ക് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സഖ്യകക്ഷിയായ ജെഡിയുവിനു ബിഹാറിലും അടിത്തറ നഷ്ടപ്പെട്ടു.

പ്രതിപക്ഷം താറുമാറായ അവസ്ഥയില്‍പോലും ഇങ്ങനെയാണ് സംഭവിച്ചത്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ പ്രകടനം മോശമായി.

ഇടതു, ജനാധിപത്യശക്തികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് ഐക്യത്തോടെ മുന്നേറുകയും പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്.

ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനും മോഡിസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യനടപടികള്‍ ചെറുക്കാനും പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കണം.

ബിജെപിആര്‍എസ്എസ് സംഘത്തിനെതിരായ അതൃപ്തി ജനാധിപത്യരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗം ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News