‘മഹ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കൊച്ചിയില്‍ കനത്തമഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആഴക്കടലില്‍ പോയ മത്സ്യബന്ധനത്തൊഴിലാളികളെ കുറിച്ച് ആശങ്ക

തിരുവനന്തപുരം: അറബികടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനത്തു.

രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ഞാറയ്ക്കല്‍, എടവനാട്, പറവൂര്‍ മേഖലയില്‍ കടല്‍ തീരത്തേക്ക് അടിച്ചുകയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാവിലെ ഞാറക്കലില്‍ നിന്ന് 50 ഓളം കുടുംബങ്ങളെ മാറ്റി.

കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ മത്സ്യത്തൊഴിലാളികളുടെ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ചാവക്കാട് നിന്നും ആഴക്കടലില്‍ പോയ മത്സ്യബന്ധനത്തൊഴിലാളികളെ കുറിച്ച് ആശങ്ക

തൃശൂര്‍: കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായി മാറിയതോടെ ചാവക്കാട് നിന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളികളെ കുറിച്ച് ആശങ്ക. വയര്‍ലെസ് സെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വഴി ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്തെന്ന മറുപടിയാണ് ലഭിക്കുന്നത്.

ചാവക്കാട് മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെയാണ് വാടാനപ്പള്ളി സ്വദേശി കാദരാജി, തിരുവനന്തപുരം പുല്ലുവിള സ്വദേശി അന്തോണി എന്നിവരുടെ ഒഴുക്ക് വള്ളങ്ങളില്‍ 13 തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി ആഴക്കടലില്‍ പോയത്.

തൊഴിലാളികള്‍ ആഴക്കടലില്‍ പോയാല്‍ മൂന്നും നാലും ദിവസം കഴിഞ്ഞ് തിരിച്ച് വരികയാണ് പതിവ്. ആയതിനാല്‍ ആശങ്ക വേണ്ടെന്ന് മറ്റ് തൊഴിലാളികള്‍ പറയുന്നു. കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപ്പെട്ടതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചതോടെയാണ് മുനക്കക്കടവ് തീരദേശ പോലീസ് സി.ഐ. റബീഅത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ആഴക്കടലില്‍ പോയ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്

വയര്‍ലെസ് സെറ്റിലും മൊബൈല്‍ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതായതോടെ പോലീസ് ആശങ്കയിലായി. വിവരം കോസ്റ്റ് ഗാര്‍ഡ്, ജെ.ഒ.സി, ഫിഷറീസ് തുടങ്ങിയ വകുപ്പ് അധികൃതരെ അറിയിച്ചു.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടലില്‍ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവാസ്ഥ മുന്നറിയിച്ച് വന്നപ്പോള്‍ തന്നെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ച് മുനക്കക്കടവ് ഹാര്‍ബറില്‍ അനൗണ്‍സ്‌മെന്റ് തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. നോട്ടീസും വിതരണം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here