ഇന്ദിരാ ഗാന്ധി അനുസ്മരണച്ചടങ്ങിനിടെ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍; തര്‍ക്കം കൊച്ചി മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട്

കൊച്ചി: മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയിലെ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇന്ദിരാഗാന്ധി അനുസ്മരണച്ചടങ്ങിനിടെയാണ് ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റും പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്.

കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസ്സിനകത്ത് പുകയുന്ന പ്രതിഷേധം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായിരുന്നു എറണാകുളം ഡിസിസിയില്‍ ഇന്നുണ്ടായ കയ്യാങ്കളി.

ഇന്ദിരാഗാന്ധി അനുസ്മരണച്ചടങ്ങിനിടെ, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് ്പ്രസിഡന്റ് നോര്‍മന്‍ ജോസഫ് മേയറെ മാറ്റണമെന്ന് ശക്തമായി ഉന്നയിച്ചത് വാക്കുതര്‍ക്കത്തിനും പിന്നീട് കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ഇതിനു തൊട്ടുപിറകെ നോര്‍മന്‍ ജോസഫിനെ ഡിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തു. നടപടിയെടുക്കേണ്ടത് തനിക്കെതിരെയല്ലെന്നും മേയര്‍ക്കെതിരെ രംഗത്തെത്തിയ ഹൈബി ഈഡന്‍, ലാലി വിന്‍സെന്റ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ വേണമെന്നും നോര്‍മന്‍ ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്റിനോടുള്‍പ്പടെ മേയറെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതുവരെ ഡിസിസിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും നോര്‍മന്‍ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News