പ്രതികള്‍ രക്ഷപ്പെട്ടത് പെണ്‍കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെയുള്ള സാക്ഷികള്‍ നല്‍കിയ മൊഴിയിലെ വൈരുധ്യം മൂലം. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രദീപ്കുമാറിനെ സെപ്തംബര്‍ 30നാണ് പോക്സോ കോടതി ജഡ്ജി വിട്ടയച്ചത്. രണ്ടാനച്ഛനും പ്രതിക്കെതിരെ മൊഴി നല്‍കിയില്ല. ഒന്നാം പ്രതി മധു ശല്യപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന് പൊലീസിനോടു പറഞ്ഞ രണ്ടാനച്ഛന്‍ ഇക്കാര്യം കോടതിയിലെ സാക്ഷിവിസ്താരത്തില്‍ ആവര്‍ത്തിച്ചില്ല.

ഒക്ടോബര്‍ 25ന് മറ്റു മൂന്നു പ്രതികളെ വിട്ടയച്ചതിന് ഈ ഘടകങ്ങളും കാരണമായി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാതിരുന്ന അമ്മയുടെയും മറ്റു പ്രധാന സാക്ഷികളുടെയും നിലപാടും പ്രതികള്‍ക്കു അനുകൂലമായി.മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസാണ് രക്ഷിതാക്കളെ അറിയിച്ചത്. അതിനുമുമ്പ് ഇത്തരം പരാതി ഉയര്‍ന്നില്ല. ലൈംഗിക പീഡനം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടു.

പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്നനായി നിന്ന പ്രദീപ്കുമാര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്താന്‍ ആവശ്യപ്പെട്ടു. ഈ സാക്ഷി മൊഴി സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ നിരത്താനും കഴിഞ്ഞില്ല.പ്രദീപ്കുമാറിനെ വിട്ടയച്ച വിധിന്യായം പ്രോസിക്യൂഷന്റെ വീഴ്ചകള്‍ അക്കമിട്ടുനിരത്തുന്നുണ്ട്.