കശ്‌മീരിലെ ജനാധിപത്യ കുരുതി ആഘോഷിക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിര്‍ബന്ധ കൂട്ടപ്രതിജ്ഞ

കൊച്ചി: ജമ്മു കശ്‌മീരിലെ ജനാധിപത്യ കുരുതിയ്‌ക്ക് സ്തുതിഗീതമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിര്‍ബന്ധ കൂട്ടപ്രതിജ്ഞ.

സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനവും ജമ്മു -കശ്‌മീർ, ലഡാക്ക് രൂപീകരണ ദിനവും പ്രമാണിച്ച് ഏകതാ ദിനം ആചരിക്കുന്നു എന്ന പേരിലായിരുന്നു ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പ്രതിജ്ഞ.

ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 11ന് ജീവനക്കാർ ഒരു പ്രതിജ്ഞ എടുക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് രാത്രിയാണ് സ്ഥാപനങ്ങളില്‍ എത്തിയത്.

പട്ടേലിന്റെ പേര് സൂചിപ്പിച്ച്, കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് നീക്കിയത് പറയാതെ, പകരം ആഭ്യന്തര സുരക്ഷ പറഞ്ഞാണ് പ്രതിജ്ഞ.

രാഷ്ട്രപിതാവായ മഹത്മാഗാന്ധിയുടെ പേരില്‍ മാത്രമാണ് പ്രതിജ്ഞ പതിവുള്ളത്. ഇപ്പോള്‍ പലർക്കും ഭിന്നാഭിപ്രായമുള്ള ഒരു വിഷയം നിര്‍ബ്ബന്ധിത പ്രതിജ്ഞയാക്കിയത്തില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായിട്ടും അക്കാര്യം സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് ഈ വിഭാഗീയ പ്രതിജ്ഞാ പരിപാടി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചർച്ചക്ക് പോലും സമയം നൽകാതെ പ്രതിജ്ഞ അടിച്ചേല്‍പ്പിച്ചു ജീവനക്കാരെ ദേശീയതയുടെ മറവില്‍ ഭിന്നിപ്പിക്കുക.

സാമ്പത്തിക മാന്ദ്യകാലത്ത് വിവാദമുണ്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്രതിജ്ഞാ പരിപാടി എന്ന് സൂചനയുണ്ട്.

പട്ടേലിനെ സ്വന്തമാക്കാന്‍ തന്ത്രം മെനയുന്ന ആര്‍ എസ് എസ് ഇനി ദീനദയാൽ ദിനവും സവർക്കർ ദിനവും ഇതുപോലെ പ്രതിജ്ഞയായി കൊണ്ടുവരുമോ എന്ന് ജീവനക്കാര്‍ സംശയം ഉന്നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel