തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും അനാവശ്യ വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ വിജിയ്ക്ക് താങ്ങും തണലുമായി സംസ്ഥാന സര്‍ക്കാര്‍. വിജിയുടെ പഠനത്തിന് ആവശ്യമായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍:
അച്ഛന്‍ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാന്‍സറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേര്‍ത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്.
ഓരോ ദിവസവും ആറു മണിക്കൂര്‍ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ വുമന്‍സ് കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്. അടിമുടി അനാവശ്യ കോലാഹലങ്ങള്‍ തീര്‍ത്ത വിവാദങ്ങള്‍ അഭിമാനിയായ വിജിയില്‍ തീര്‍ത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വര്‍ഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ സി – ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ന്റ് വെബ് ഡിസൈനിംഗ് കോഴ്‌സിന് ചേര്‍ന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവണ്‍മെന്റ് മുന്‍കയ്യെടുത്ത് സഫലമാക്കും.
അടുത്ത അദ്ധ്യായന വര്‍ഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവരെപ്പോലുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും.

Get real time update about this post categories directly on your device, subscribe now.