ക്രിക്കറ്റില്‍ നിന്ന് ലോങ് ബ്രേക്കുമായി ഗ്ലെന്‍ മാക്സവെല്‍; വില്ലന്‍ പരുക്കല്ല, മാനസികാരോഗ്യം

കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി ബ്രേക്കെടുക്കുന്നു.

ശ്രീലങ്കയ്ക്ക‌െതിരായ ഒന്നാം ട്വന്‍റി-20 യില്‍ തകർപ്പൻ അർധസെഞ്ചുറിയുമായി ആരാധകരെ ത്രസിപ്പിച്ചതിന് പിന്നാലെയാണ് മാക്സവെല്ലിന്‍റെ അനിശ്ചിതകാല ബ്രേക്ക്.

28 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 62 റൺസെടുത്താണ് മാക്സവെല്‍ ഓസീസിനെ വിജയിപ്പിച്ചത്.

ബ്രിസ്ബേനിൽ ബുധനാഴ്ച നടന്ന രണ്ടാം ട്വന്‍റി-20യിലും മാക്സ്‌വെൽ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാനിറങ്ങിയിരുന്നില്ല.

കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് മാക്‌സ്‌വെല്‍ ക്രിക്കറ്റില്‍ നിന്ന് ബ്രേക്കെടുക്കുന്നതെന്ന് ടീം സൈക്കോളജിസ്റ്റ് ഡോ.മൈല്‍ ലോയ്ഡ് വെളിപ്പെടുത്തി.

താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മാക്‌സ്‌വെല്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞുവെന്നും ഡോ. ലോയ്ഡ് പറഞ്ഞു.

കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന കാലയളവിൽ മാക്സ്‍വെല്ലിന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ എക്സിക്യുട്ടീവ് ജനറൽ മാനേജർ ബെൻ ഒലിവർ വ്യക്തമാക്കി.

താരത്തിനും കുടുംബത്തിനുമൊപ്പം ഉറച്ചുനിൽക്കാൻ ആരാധകരോടും അഭ്യർഥിക്കുന്നുവെന്നും ഒലിവർ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി ഇതുവരെ ഏഴു ടെസ്റ്റുകളിലും 110 ഏകദിനങ്ങളിലും 61 ട്വന്‍റി-20 മത്സരങ്ങളിലും കളിച്ച മാക്സ്‌വെൽ, അടുത്ത വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ ആതിഥേയരുടെ പ്രധാന താരങ്ങളിലൊരാളായാണ് പരിഗണിക്കപ്പെട്ടിരുന്നത്.

ഏകദിനത്തില്‍ ഒരു സെഞ്ചുറി അടക്കം 2877 റണ്‍സും 50 വിക്കറ്റുകളും ട്വന്‍റി-20യില്‍ മൂന്ന് സെഞ്ചുറി അടക്കം 1576 റണ്‍സും 26 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുള്ള അപൂർവം താരങ്ങളിലൊരാളായ മാക്സ്‌വെൽ, സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News