‘മഹ’ തീവ്രമാകുന്നു; കേരള തീരങ്ങൾ പ്രക്ഷുബ്‌ധമാകും; മത്സ്യബന്ധനത്തിനു പോയ ആറു പേരെ കാണാതായി

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ്‌ കരുത്താർജ്ജിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്‌.

കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യാഴാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 13 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കയാണെന്ന്‌ കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലക്ഷദ്വീപിലെ അമിനിയില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്.

മിനിക്കോയി, കല്‍പേനി, ആന്തോത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നെങ്കിലും അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിലെ വടക്കന്‍ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ലക്ഷദ്വീപിലേക്കുള്ള വിമാന,കപ്പല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. നാവികസേന കപ്പൽ ലക്ഷദ്വീപിലേക്ക്‌ പോകും. ഒരുമീറ്റർ ഉയരത്തിൽ വരെ തിരയുയരാൻ സാധ്യതയുണ്ട്‌.

കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. എറണാകുളം,മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്.

പൊന്നാനിയില്‍ കടലാക്രമണത്തെ തുടര്‍ന്ന് 150-ഓളം വീടുകളില്‍ വെള്ളംകയറി. കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഉച്ചയ്ക്കു ശേഷം മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ മത്സ്യബന്ധനത്തിനു പോയ ആറു പേരെ കാണാതായി. അഴിത്തലയിൽ നിന്നു പോയ രണ്ടു പേരെയും വടകര ചെമ്പോലയിൽ നിന്നു പോയ നാലു പേരെയുമാണ് കാണാതായത്. ചേറ്റുവയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട സാമുവേൽ എന്ന വള്ളം തകർന്ന് ഒരാളെ കാണാതായി.

ലക്ഷദ്വീപ്-മാലിദ്വീപ്-കന്യാകുമാരി മേഖലയിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെയും ‘ക്യാർ’ ചുഴലിക്കാറ്റിന്റെയും പ്രഭാവമുള്ളതിനാൽ ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുത്‌.

കേരള തീരത്തു മണിക്കൂറിൽ 40 മുതൽ 50 കി.മി വേഗതയിലും ചില അവസരങ്ങളിൽ 60 കി.മി വേഗതയിലും ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും പ്രസ്തുത സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അടുത്ത 12 മണിക്കൂറിലേക്ക് കന്യാകുമാരി, മാലിദ്വീപ് ഭാഗങ്ങളിലേക്കുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചു.

ലക്ഷദ്വീപ് പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള തെക്കു കിഴക്കു അറബിക്കടലിലും കേരള – കർണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു.

നവംബർ 4 വരെ മധ്യകിഴക്കു അറബികടൽ ഭാഗത്തേയ്ക്ക് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News