വിദ്യാർഥി വിരുദ്ധ നിലപാട്‌; ജെഎൻയു വൈസ്‌ ചാൻസലർക്ക്‌ വിദ്യാർഥി യൂണിയന്‍റെ കാരണം കാണിക്കൽ നോട്ടീസ്‌

ന്യൂഡൽഹി: വിദ്യാർഥി വിരുദ്ധ നിലപാടെടുത്തതിനും ഹൈക്കോടതി വിധി ലംഘിച്ചതിനും ജെഎൻയു വൈസ്‌ ചാൻസലർ മമിതാല ജഗദീഷ്‌ കുമാറിന്‌ വിദ്യാർഥി യൂണിയന്റെ കാരണം കാണിക്കൽ നോട്ടീസ്‌.

ജനാധിപത്യവിരുദ്ധമായി വിദ്യർഥി യൂണിയൻ ഓഫീസ്‌ ഒഴിപ്പിക്കാനും, അക്കാദമിക്‌ കൗൺസിൽ യോഗങ്ങളിൽ വിദ്യാർഥി യൂണിയൻ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കാനും വി.സി ശ്രമിക്കുന്നതായി യൂണിയൻ പ്രതിനിധികൾ ആരോപിച്ചിരുന്നു.

ജനാധിപത്യവിരുദ്ധവും നിയമാനുസൃതമല്ലാത്തതുമായ ഹോസ്റ്റൽ മാന്വൽ കരട് തയാറാക്കിയതിനും വിദ്യാർഥിവിരുദ്ധ ഇടപെടലുകൾ നടത്തിയതിലും കോടതിയലക്ഷ്യം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ജെഎൻയു വിദ്യാർഥി യൂണിയൻ വെെസ് ചാൻസലർക്ക് കാരണംകാണിക്കൽ നോട്ടീസയച്ചത്.

വെെസ്ചാൻസലറുടെ നടപടികൾ സർവകലാശാലയുടെ ജനാധിപത്യമൂല്യങ്ങൾക്കെതിരാണെന്നും ജവഹർലാൽ നെഹ്റു സർവകലാശാല ആക്ട് സെക്ഷൻ 31(സി)യുടെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

വിഷയം ഉന്നയിച്ച് വിദ്യാർഥി യൂണിയൻ നിരവധി തവണ ബന്ധപ്പെട്ടങ്കിലും ഒരുതവണപോലും മറുപടിയുണ്ടായില്ലെന്നും ഇത് അപമര്യാദയും അച്ചടക്കമില്ലായ്മയുമാണെന്നും കാരണംകാണിക്കൽ നോട്ടീസ് വ്യക്തമാക്കുന്നു.

സ്വാഭാവിക നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി നവംബർ 4നകം മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം വെെസ്ചാൻസലർക്ക് ഒന്നും ബോധിപ്പിക്കാനില്ല എന്നതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here