കെ മോഹന്‍ദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള കമ്മീഷന്‍; വിദ്യാര്‍ഥി യൂണിയനുകള്‍ക്ക് നിയമ സാധുത നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പ്രൊഫ. എം.കെ. സുകുമാരന്‍ നായര്‍ (ഹോണററി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ്, കുസാറ്റ്), അഡ്വ. അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍ അംഗങ്ങളാണ്.

കമ്മീഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവിലെ പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 ജൂണ്‍ 30-ന് അവസാനിച്ചിട്ടുണ്ട്.

അതിനാല്‍ 2019 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ശമ്പളം പരിഷ്‌കരിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന തത്വമനുസരിച്ചാണ് പുതിയ കമ്മീഷനെ നിയമിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ലക്ഷ്യമിട്ട് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്.

സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്.

ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News