അറബിക്കടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരള തീരത്ത് കാറ്റിന്റെ വേഗതയും കൂടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിരോധനം തുടരുകയാണ്.

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 13 കിമീ വേഗതയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നെങ്കിലും വരും മണികൂറുകളില്‍ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. മഹ കരുത്താര്‍ജ്ജിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

ശക്തമായ കാറ്റും അതിശക്തമായ മഴയും വരുന്ന 2 ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പ് . കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. എറണാകുളം,മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. കേരള തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് മുന്നറിയിപ്പ്.

രാത്രീ കാലങ്ങളിലെ മലയോര മേഖലകളിലെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ബീച്ചുകളിലെയ്ക്കും ജനങ്ങള്‍ക്ക് നിയന്ത്രണം നിലനിര്‍ത്തി. എല്ലാ വിധ ജാഗ്രതാ നിര്‍ദേശവും ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടു.