ജോസ് കെ മാണിയ്ക്ക് കനത്ത തിരിച്ചടി; ചെയര്‍മാനാക്കിയ നടപടി കോടതി തടഞ്ഞു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ജോസ് കെ മാണി; ജോസഫിനോട് വിശദീകരണം തേടി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കേസില്‍ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരാന്‍ കട്ടപ്പന സബ് കോടതി ഉത്തരവിട്ടു.

ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി കോടതിയുടെ വിധി കട്ടപ്പന കോടതി ശരിവയ്ക്കുകയായിരുന്നു. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന സബ് ജഡ്ജ് എസ് സൂരജ് വിധി പറഞ്ഞത്.

പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ ജോസ് വിഭാഗം കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് വിളിച്ച് കൂട്ടിയ സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചു. തൊടുപുഴ കോടതി ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാന്റെ അധികാരം പ്രയോഗിക്കുന്നത് സ്റ്റേ ചെയ്തു.

വിശദമായി വാദം കേള്‍ക്കുന്നതിനിടെ തൊടുപുഴ മുന്‍സിഫ് കേസില്‍ നിന്ന് പിന്മാറി. ഇതോടെ ജൂലൈ 17ന് ഇടുക്കി മുന്‍സിഫ് കോടതിയിലേക്ക് കേസ് എത്തി. ഒരു മാസം നീണ്ട വാദത്തിനൊടുവില്‍ തൊടുപുഴ കോടതിയുടെ സ്റ്റേ നിലനില്‍ക്കുമെന്ന് ഇടുക്കി മുന്‍സിഫ് അറിയിച്ചു. ഇതിനെതിരെ ജോസ് കെ മാണിയും കെ എ ആന്റണിയും കട്ടപ്പന സബ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി അധികാരം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം.

ജോസ് കെ മാണി വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായാണ് ജോസ് കെ മാണി രംഗത്തെത്തിയത്. ജോസ് കെ മാണിയുടെ കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസഫിനോട് വിശദീകരണം തേടി. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ജോസഫിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here