മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെ; ബിജെപിയില്ലാതെയും സര്‍ക്കാരുണ്ടാക്കാമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി നിലപാട് കടുപ്പിച്ച് ശിവസേന. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെയായിരിക്കുമെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.

പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ശിവസേനയ്ക്ക് സാധിക്കും. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ശ്വസേനയില്‍ നിന്നായിരിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞതും അതുകൊണ്ടുതന്നെയാണ്. നിങ്ങളത് എഴുതിവെച്ചോളുവെന്നും സേനാ നേതാവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടായി വ്യക്തമാക്കി.

50:50 ഫോര്‍മുലയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് അന്ത്യശാസനമൊന്നും നല്‍കുന്നില്ല. അവര്‍ വലിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരം പങ്കിടുന്നതിനെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം മണിക്കൂറുകള്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ശക്തിയാര്‍ജിച്ചതോടെ സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റുകളാണ് എന്‍സിപിക്കുള്ളത്. ശിവസേനയ്ക്ക് 56 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളുമുണ്ട്. 104 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News