മിന്നുംതാരത്തിന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം കൈകൂപ്പി വിടചൊല്ലുന്ന ബൗളര്‍; വ്യത്യസ്തനായി പാക് ബൗളിങ്ങ് സെന്‍സേഷന്‍ നസീം ഷാ

ബാറ്റ്‌സ്മാനെ പുറത്താക്കിയശേഷം കൈകൂപ്പി ബാറ്റ്‌സ്മാനെ യാത്രയയക്കുന്ന പാകിസ്ഥാന്‍ ബൗളറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സൂപ്പര്‍താരം ഫവാദ് ആലത്തെ പുറത്താക്കിയ പതിനാറുകാരന്‍ നസീം ഷായാണ് ബാറ്റ്‌സ്മാനു നേരെ കൈകൂപ്പി ഖേദം പ്രകടിപ്പിച്ചത്. സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ വെറും എട്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് നസീം ഷായുടെ പന്തില്‍ ഫവാദ് ആലം പുറത്തായത്.

പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഖായിദി അസം ട്രോഫിക്കിടെയാണ് വിക്കറ്റ് നേട്ടത്തിലെ അപൂര്‍വ ആഘോഷം. ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ പഞ്ചാബിന്റെ താരമായ നസീം ഷാ 92 റണ്‍സെടുത്തുനിന്ന സിന്ധ് താരമായ ആലത്തിനെ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനു ക്യാച്ചു നല്‍കിയാണ് ആലം പുറത്തായത്. താരം പവലിയനിലേക്കു മടങ്ങുമ്പോള്‍ അടുത്തെത്തിയ നസീം ഷാ കൈകൂപ്പുകയായിരുന്നു.

വിക്കറ്റ് നേട്ടം പല വിധത്തില്‍ ആഘോഷിക്കുന്ന താരങ്ങളെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാകും. കൈവിട്ട ആഘോഷത്തിന്റെ പേരില്‍ നടപടി നേരിട്ട ബൗളര്‍മാരും ഏറെയുണ്ട്. ഇവിടെയാണ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം ഖേദം പ്രകടിപ്പിച്ച് കൈകൂപ്പുന്ന ബൗളറായി
നസീം വ്യത്യസ്തനായത്.

കൈകൂപ്പി ഖേദം പ്രകടിപ്പിച്ച നസീം ഷാ വെറും കുട്ടിയാണെന്നു കരുതരുത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിലെ പ്രധാന ബൗളറാണ് ഈ പതിനാറുകാരന്‍! നസീം ഷാ പുറത്താക്കിയ ഫവാദ് ആലവും അത്ര നിസാരക്കാരനല്ല. പാക്ക് ജഴ്‌സിയില്‍ അത്ര
പരിചിതനല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമാണ് ഫവാദ് ആലം.

പാക്കിസ്ഥാന്‍ ജഴ്‌സിയില്‍ മൂന്നു ടെസ്റ്റും 38 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും ഷാ കളിച്ചിട്ടുണ്ട്. 2015ലാണ് അവസാനമായി രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞത്. മൂന്നു ടെസ്റ്റില്‍നിന്ന് 41.66 ശരാശരിയില്‍ 250 റണ്‍സും 38 ഏകദിനങ്ങളില്‍നിന്ന് 40.25 ശരാശരിയില്‍ 966 റണ്‍സും 24 ട്വന്റി-20യില്‍നിന്ന് 17.63 ശരാശരിയില്‍ 194 റണ്‍സും നേടിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്‌സിലാകെ 19 ഓവറില്‍ 78 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ നസീം ഷാ രണ്ടാം ഇന്നിങ്‌സില്‍ 11 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് കൂടി സ്വന്തമാക്കിയിരുന്നു.

16 വയസ്സു മാത്രം പ്രായമുള്ള നസിം ഷാ വാര്‍ത്തകളിലെ താരമായത് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതോടെയാണ്. പരിശീലകനും മുഖ്യ സിലക്ടറുമായ മിസ്ബ ഉള്‍ ഹഖ് നസിം ഷായെ പാക്കിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എല്ലാവരും
ഒന്നമ്പരന്നു. ഇതുവരെ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 26 വിക്കറ്റുകള്‍ നേടിയ വലംകൈയ്യന്‍ ഫാസ്റ്റ് ബോളര്‍ പന്തെറിയാന്‍
പോകുന്നത് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് അടക്കമുള്ള ബാറ്റിങ് നിരയ്‌ക്കെതിരെയാണ്. ഒരു ഓവറിലെ ഏല്ലാ പന്തും
മികച്ച വേഗത്തോടെ എറിയുക എന്നതു നസീമിന്റെ മാത്രം മികവാണ് കാണിക്കുന്നതെന്നും ഓസ്‌ട്രേലിയയിലെ ബൗണ്‍സിനെ തുണയ്ക്കുന്ന
പിച്ചുകളില്‍ നസീമിനു തിളങ്ങാന്‍ കഴിയുമെന്നും മിസ്ബ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here