പിതാവിന്റെ അനുജന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ നാടോടി പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അനുജന്‍ മുക്കീമിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ മരണമൊഴി അനുസരിച്ചാണ് കേസെടുത്തത്.

തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി അമ്പത് ശതമാനം പൊള്ളലുകളോടെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തു. പെണ്‍കുട്ടി പീഡനവിവരം നേരത്തെ തന്നെ അമ്മയോട് പറഞ്ഞെങ്കിലും അവര്‍ ഇതെല്ലാം ഒളിച്ചുവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.