തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഡേയുടെയും മാഗസീൻ പ്രകാശന പരിപാടിയിലേക്കും ക്ഷണിക്കപ്പെട്ട അതിഥിയോട് വിവേചനപരമായി പെരുമാറിയ നടപടി അംഗീകരിക്കാനാവില്ല.

പൊതുയിടങ്ങളിൽ ഇത്തരം മനോഭാവത്തോടെ പെരുമാറുന്നവരോട് പൂർണ്ണമായി വിയോജിക്കുന്നു.

കോളേജ് യൂണിയന്റെ ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ വന്ന അതിഥിയാണ് ബിനീഷ് ബാസ്റ്റിൻ. ആയത് കൊണ്ട് തന്നെ മികച്ച കലാകാരൻ എന്ന നിലയിൽ കോളേജ് യൂണിയന്റെ പൂർണ്ണമായ പിന്തുണയോടും താല്പര്യത്തോടും കൂടിയാണ് ബിനീഷ് ബാസ്റ്റിൻ പരിപാടിയുടെ ഭാഗമായത്.

ഒരു കോളേജിൽ ഇത്തരം വിഷയങ്ങൾ ഉയർന്നുവരുമ്പോൾ കോളേജ് അധികാരി എന്ന നിലയിൽ പ്രിൻസിപ്പൽ സ്വീകരിച്ച സമീപനവും വിമർശനവിധേയമാവണം.

അവഗണിക്കപ്പെടുന്ന ജനതയോടൊപ്പം നിലകൊള്ളാനാണ് എസ്എഫ്ഐ ആഗ്രഹിക്കുന്നത്.

കൂടെ ഇരിക്കാൻ ഞാൻ തയ്യാറല്ല എന്നുപറയുന്ന സംവിധായകന്റെ മേൽക്കോയ്മ ബോധത്തിനൊപ്പമല്ല, അപമാനിക്കപ്പെട്ട നടനോടൊപ്പം തന്നെയാണ് എസ്എഫ്ഐ നിലകൊള്ളുന്നത്‌.

ബിനീഷ് ബാസ്റ്റിനുണ്ടായ ദുരനുഭവത്തിൽ ശക്തമായി പ്രതിഷേധവും അനിൽ രാധാകൃഷ്ണ മേനോന്റെ നിലപാടുകളോട് കടുത്ത അമർഷവും രേഖപ്പെടുത്തുന്നു.