ആര്‍സിഇപി കരാറിനെതിരെ 13ന്‌ സിപിഐഎം നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ ബഹുജനമാര്‍ച്ച്‌

മേഖലാ സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി-റീജിയണല്‍ കോംപ്രിഹെന്‍സീവ്‌ പാര്‍ട്‌ണര്‍ഷിപ്പ്‌) പുനഃപ്പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നവമ്പര്‍ 13ന്‌ സി.പി.ഐ(എം) ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലേക്ക്‌ ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട്‌ വരണമെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെയും ജനങ്ങളുടെയാകെയും പൊതു താല്‍പര്യങ്ങളെയാകെ ഹനിക്കുന്നതാണ്‌ ആര്‍.സി.ഇ.പി കരാര്‍. ആസിയാന്‍ രാഷ്ട്രങ്ങളെ കൂടാതെ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സഖ്യത്തിലാണ്‌ ഇന്ത്യ കൂടി ഉള്‍പ്പെട്ട്‌ ഒപ്പിടാന്‍ പോകുന്നത്‌.

സേവനം, നിക്ഷേപം, സംഭരണം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയുടെ സ്വതന്ത്ര വ്യാപാര മേഖലയാവുകയാണ്‌ ഈ കരാറിലൂടെ. കരാറില്‍ ഒപ്പിടുന്നതോടെ 28 ശതമാനം ഉല്‍പന്നങ്ങളുടെ തീരുവ ഇല്ലാതാവുകയാണ്‌.

90 ശതമാനം ചരക്കുകളുടേയും തീരുവ പൂജ്യത്തിലെത്തിക്കാന്‍ ജപ്പാനും ആസിയാന്‍ രാഷ്ട്രങ്ങളും ഇന്ത്യക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടി രിക്കുകയുമാണ്‌.

അതിനിടയിലാണ്‌ ആര്‍.സി.ഇ.പി കരാര്‍ വരുന്നത്‌. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനോ ചര്‍ച്ച ചെയ്യാന്‍ പോലുമോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.

കരാര്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ കാര്‍ഷിക മേഖല സമ്പൂര്‍ണ്ണ തകര്‍ച്ചയിലാകും. ആസിയാന്‍ രാജ്യങ്ങളിലെ സ്വാഭാവിക റബ്ബര്‍, ഏലം ഇഞ്ചി, കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, മത്സ്യം തുടങ്ങിയവ സംരക്ഷിത പട്ടികയിലുണ്ട്‌.

ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുക ക്ഷീര മേഖലയേയും തോട്ടം മേഖലയേയുമായിരിക്കും. കരാറിലൂടെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ പോകുന്ന സംസ്‌ഥാനങ്ങളിലൊന്നും കേരളമായിരിക്കും.

കരാര്‍ പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തില്‍ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News