ജെറുസലേം: പലസ്തീന്‍ ഇടതുപക്ഷ നേതാവും മുന്‍ പലസ്തീന്‍ നിയമസഭാ അംഗവുമായ ഖാലിദാ ജെറാറിനെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ റാമല്ലാഹ് നഗരത്തില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഖാലിദായെ അറസ്റ്റ് ചെയ്തത്.

70 ലധികം പൊലീസുകാര്‍ വീട് വളഞ്ഞതായും 12 മിലിറ്ററി വാഹനങ്ങളിലാണ് പട്ടാളം എത്തിയതെന്നും ജെറാറിന്റെ മകള്‍ യാറാ ജെറാര്‍ പറഞ്ഞു.

‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍’ എന്ന സംഘടനയിലാണ് ജെറാര്‍ പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഈ സംഘടനയെ ഇസ്രായേല്‍ കാണുന്നത് തീവ്രവാദ സംഘടനയാണ്

2015ലും 2017ലും ജെറാറിനെ ഇസ്രായേല്‍ സേന ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 മാസത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെറാര്‍ ജയില്‍ മോചിതയായത്.

പലസ്തീനില്‍ ജയിലില്‍ കഴിയുന്നവര്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുന്ന ജെറാര്‍ പലസ്തീന്‍ പ്രിസണേഴ്‌സ് റൈറ്റ്‌സ് സംഘത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.

ഏഴ്‌ പലസ്തീന്‍ രാഷ്ട്രീയ നേതാക്കളാണ് നിലവില്‍ ഇസ്രായേലി ജയിലില്‍ കഴിയുന്നത്.