കേന്ദ്രം വാക്കുപാലിച്ചില്ല; വിഭജന ഉത്തരവ്‌ നിലവിൽവന്ന ദിവസം കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ

ദില്ലി: ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഉത്തരവ്‌ നിലവിൽവന്ന വ്യാഴാഴ്‌ച കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ.

കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമ്പോൾ പ്രത്യേക പരിഗണന നൽകാമെന്ന വാക്ക്‌ കേന്ദ്ര സർക്കാർ പാലിക്കാത്തതിനെതിരെയാണ്‌ പ്രതിഷേധം. കറുത്ത കൊടികളും ബാനറുകളുമായി ആയിരങ്ങൾ വ്യാഴാഴ്‌ച പ്രതിഷേധത്തിൽ അണിനിരന്നു.

പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ്‌ കാർഗിൽ ജില്ല. കാർഗിൽ, ലേ എന്നീ രണ്ട്‌ ജില്ലകൾ ചേരുന്നതാണ്‌ ലഡാക്ക്‌.

കേന്ദ്രഭരണ പ്രദേശമായതോടെ ഭൂമി, ജോലി തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശീയർക്കുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടമാകുമോയെന്ന ആശങ്കയിലാണ്‌ നാട്ടുകാർ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില മേഖലകളെ ഭരണഘടനയുടെ ഷെഡ്യൂൾ ആറിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രത്യേകമായി പരിഗണിക്കുന്നുണ്ട്‌.

സ്വയംഭരണാവകാശം അടക്കം ഈ മേഖലകൾക്കുണ്ട്‌. ലഡാക്കിനെയും ഷെഡ്യൂൾ ആറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നു.

പുതിയ കേന്ദ്രഭരണ പ്രദേശത്തിന്റെ പേര്‌ ലേ–- കാർഗിൽ എന്നാക്കി മാറ്റണമെന്നും നിയമസഭയ്‌ക്കുള്ള അധികാരം ഹിൽ കൗൺസിലിന്‌ നൽകണമെന്നുമുള്ള ആവശ്യവും ശക്തമാണ്‌.

ഒക്ടോബർ 31ന്‌ മുമ്പായി ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ്‌ കേന്ദ്രം പാലിക്കാത്തതിലുള്ള പ്രതിഷേധവുമുണ്ട്‌.

കാർഗിൽ, ദ്രാസ്‌ എന്നീ പട്ടണങ്ങൾ ചേരുന്ന മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്‌മീരിന്‌ സമാനമായ നിശ്‌ചലാവസ്ഥയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News