പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന് ഉദ്ഘാടനത്തോട് അനുബന്ധിച്ച വിഷയങ്ങള്‍ പരസ്പരം തെറ്റുകളേറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച് അതിഥികളും കോളേജ് പ്രിന്‍സിപ്പാളും.
കൈരളി ന്യൂസ് വാര്‍ത്താ സംവാദത്തിലാണ് അതിഥികള്‍ മനസ് തുറന്ന് തെറ്റിദ്ധാരണകള്‍ നീക്കിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി മനസിലാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് സംവാദത്തില്‍ പറഞ്ഞു.
മറ്റൊരാള്‍ ഉണ്ടെങ്കില്‍ അത്തരമൊരു പരുപാടിയില്‍ തന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞതെന്നും ബിനീഷിനെ വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞു.
ബിനിഷ് പുതിയ കാലത്ത് ഏറെ സ്വീകാര്യനായ വ്യക്തിയാണെന്നും ഇനിയും ഏറെ ഉയരങ്ങള്‍ അദ്ദേഹത്തിന് താണ്ടാനുണ്ടെന്നും കൈരളിന്യൂസിന്റെ വാര്‍ത്താ സംവാദത്തില്‍ അദ്ദേഹം പ്രതികരിച്ചു.
അതേസമയം തന്നെ ജാതീയമായി ആരും അധിക്ഷേപിച്ചിട്ടില്ല എന്നാല്‍ തനിക്ക് ആ വേദിയില്‍ അപമാനം ഉണ്ടായെന്നും ക്ഷണിച്ചവരുടെ ഭാഗത്ത് നിന്നുണ്ടായ ആശയവിനിമയത്തിലെ പോരായ്മയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിനീഷ് പറഞ്ഞു.
എന്നാല്‍ യൂണിയന് ഭാരവാഹികളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ബിനീഷ് പറഞ്ഞു. ബിനീഷിനോട് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പെരുമാറ്റം ഉചിതമായില്ലെന്നും ബിനീഷിനോട് മാപ്പുചോദിക്കുന്നതായും കോളേജ് പ്രിന്‍സിപ്പാള്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
കോളേജ് യൂണിയന് സംഘടിപ്പിച്ച പരുപാടിയില്‍ അതിഥികള്‍ക്കുണ്ടായ പ്രയാസത്തില്‍ മാപ്പുചോദിക്കുന്നതായി കോളേജ് യൂണിയന് ചെയര്‍മാനും പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here