സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന് 150 വയസ്

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന് നൂറ്റി അമ്പത് വയസ്. നൂറ്റി അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വലിയ പരിപാടികളാണ് സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്. പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന കാലസാക്ഷിയാണ് സെക്രട്ടറിയേറ്റ് മന്ദിരമെന്ന് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലുകീറിയതാണ് സെക്രട്ടറിയേറ്റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു.

1869 ജൂലൈ എട്ടിന് തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് ഇന്നത്തെ സേക്രട്ടേറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്തത്. ഓഗസ്ത് 23 ന് ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം പബ്ലിക് ഓഫീസായി പ്രവര്‍ത്തിച്ച സ്ഥാപനം പിന്നിട് ഹജൂര്‍ കച്ചേരിയായും സെക്രട്ടേറിയേറ്റായും മാറി. എന്നാല്‍ സെക്രട്ടേറിയേറ്റിനെ ആനക്കച്ചേരിയെന്നുമറിയപ്പെട്ടിരുന്നു.

രണ്ടാനകളുടെ ഔദ്യോഗിക ചിഹ്നം സ്വീകരിക്കപ്പെട്ടത് ആ കാലഘട്ടത്തിലാണ്. റോമന്‍ -ഡച്ച് വാസ്തുശില്‍പ മാതൃകയില്‍ വില്യം ബാര്‍ട്ടനാണ് മന്ദിരം രൂപകല്‍പ്പന ചെയ്തത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്നാല്‍ മൂന്ന് ലക്ഷം രൂപ നിര്‍മാണത്തിനായി ചിലവായി.

നല് വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്.സെക്രട്ടറിയേറ്റ് മന്ദ്രിരത്തിന് നൂറ്റിഅമ്പത് വയസ് പൂര്‍ത്തിയാക്കുമ്പോള്‍ കഴിഞ്ഞ് പോയ ദിനങ്ങളെ ഓര്‍മപെടത്തുന്ന ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News