ആര്‍സിഇപി കരാര്‍: സംരക്ഷിക്കപ്പെടുന്നത് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍; ഔഷധമേഖലയും പ്രതിസന്ധിയിലേക്ക്

ആര്‍സിഇപി കരാര്‍ രാജ്യത്തെ സമ്പദ്ഘടനയുടെ സമസ്ത മേഖലയുടെയും തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. കാര്‍ഷിക, ക്ഷീര, മത്സ്യ വിപണന മേഖലകളിലും വ്യവസായരംഗത്തും വലിയ തിരിച്ചടികള്‍ക്ക് ആര്‍സിഇപി കരാര്‍ കാരണമാകും. അതോടൊപ്പം പരിമിതമായിട്ടെങ്കിലും പേറ്റന്റ് നിയമത്തിലുള്ള ചില വകുപ്പുകള്‍ ആര്‍സിഇപി കരാറിന്റെ ഭാഗമായി മാറ്റേണ്ടിവരും. അതോടെ ഇന്ത്യന്‍ ഔഷധമേഖല കൂടുതല്‍ പ്രതിസന്ധികളെ നേരിടേണ്ടി വരും. അവശ്യമരുന്നുവില ഇനിയും കുത്തനെ വര്‍ധിക്കും.

പൊതു, സ്വകാര്യ മേഖല ഔഷധകമ്പനികള്‍വഴി ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലോകമെമ്പാടും വിപണനംചെയ്ത് വികസ്വര രാജ്യങ്ങളുടെ ഫാര്‍മസി എന്ന ഖ്യാതി കൈവരിച്ച രാജ്യമാണ് നമ്മുടേത്. 1972 മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വികസ്വരരാജ്യങ്ങള്‍ക്കാകെ മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പേറ്റന്റ് നിയമമാണ് ഔഷധവ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചത്.

ലോകവ്യാപാര സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള ട്രിപ്‌സ് (ട്രേഡ് റിലേറ്റഡ് ആസ്പെറ്റ്സ് ഓഫ് ഇന്റ്വലക്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്) നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പുതിയ പേറ്റന്റ് നിയമം 2005 ജനുവരിമുതല്‍ നിലവില്‍വന്നു. പേറ്റന്റ് ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഇടത് എംപിമാരുടെ ഇടപെടല്‍വഴി പുതിയ പേറ്റന്റ് നിയമത്തിലെ ഹാനികരമായ ചില വകുപ്പുകള്‍ ഒഴിവാക്കാനും പ്രയോജനകരമായ ചില വകുപ്പുകള്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞിരുന്നു.

കുത്തക കമ്പനികള്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കിയാല്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉല്‍പ്പാദിക്കാന്‍ സന്നദ്ധതയുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന നിര്‍ബന്ധിത ലൈസന്‍സിങ് അവകാശം, അനാവശ്യ പേറ്റന്റുകള്‍ അനുവദിക്കുന്നത് തടയുന്ന 3(ഡി) വകുപ്പ്, പേറ്റന്റ് അപേക്ഷയ്ക്കുമേല്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള മുന്‍കൂര്‍ എതിര്‍പ്പവകാശം തുടങ്ങിയ വകുപ്പുകളാണ് ഇടതു പാര്‍ടികളുടെ ശ്രമഫലമായി പേറ്റന്റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇതില്‍ നിര്‍ബന്ധിത ലൈസന്‍സിങ് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ ദോഹ വിട്ടുവീഴ്ചയുടെ ഫലമായി അംഗീകരിക്കുകയും ചെയ്തിരുന്നു. 2012ല്‍ ഈ വകുപ്പ് ഉപയോഗിച്ച് ബേയര്‍ എന്ന ജര്‍മന്‍ കമ്പനി അമിതവിലയ്ക്ക് വിറ്റിരുന്ന ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള നെക്സാവാര്‍ എന്ന മരുന്ന് കുറഞ്ഞവിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയതിലുള്ള ഇഷ്ടക്കേട് അമേരിക്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ ഇംഗിതത്തിന് വഴങ്ങി ഇന്ത്യാ സര്‍ക്കാര്‍ നിരവധി അപേക്ഷകളുണ്ടായിരുന്നിട്ടും പിന്നീട് നിര്‍ബന്ധിത ലൈസന്‍സിങ് പ്രകാരം കുറഞ്ഞവിലയ്ക്ക്- മരുന്ന് നല്‍കാന്‍ മറ്റൊരു കമ്പനിക്കും അനുമതി നല്‍കിയതുമില്ല.

ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍

ലോക വ്യാപാരസംഘടന അനുമതി നല്‍കിയിട്ടുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സഹായകരങ്ങളായ വകുപ്പുകള്‍ നീക്കംചെയ്തുകൊണ്ട്, ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അമേരിക്കന്‍ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ പല നീക്കങ്ങളും നടത്തിവരികയാണ്. ഇതില്‍ പ്രധാനമായത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ സാര്‍വലൗകിക പേറ്റന്റ് നിയമം നടപ്പാക്കുക എന്നതാണ്. ഇതനുസരിച്ച് നിര്‍ബന്ധിത ലൈസന്‍സ്, 3(ഡി) വകുപ്പ്, മുന്‍കൂര്‍ എതിര്‍പ്പവകാശം എന്നിവ റദ്ദ് ചെയ്യപ്പെടും.

മറ്റൊരു രീതി തങ്ങളുടെ താല്‍-പ്പര്യമനുസരിച്ച് പേറ്റന്റ് നിയമത്തില്‍ മാറ്റംവരുത്തുന്ന വകുപ്പുകള്‍ പ്രാദേശിക സ്വതന്ത്രവാണിജ്യ കരാറുകളിലൂടെ (എഫ്ടിപി) നടപ്പാക്കുക എന്നതാണ്. നിലവിലുള്ള മരുന്നുകളുടെ പുതിയ ഉപയോഗത്തിന് പേറ്റന്റ് നല്‍കി കാലാവധി നീട്ടിക്കൊടുക്കുക, മുന്‍കൂര്‍ എതിര്‍പ്പവകാശം അനുവദിക്കാതിരിക്കുക തുടങ്ങിയ ട്രിപ്സ്പ്ലസ്എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വ്യവസ്ഥകള്‍ പലകരാറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക സ്വതന്ത്ര വാണിജ്യക്കരാറുകളുടെ ഭാഗമായി ട്രിപ്‌സ് പ്ലസ് വകുപ്പുകള്‍ നടപ്പാക്കാന്‍ വികസ്വര രാജ്യങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് അമേരിക്ക. ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്ന അന്താരാഷ്ട്രധാരണയുടെ നഗ്‌നമായ ലംഘനംകൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകള്‍. എഫ്ടിപികളിലൂടെ ദോഹ ഇളവുകള്‍ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ ഇന്ത്യയും പങ്കാളിയാകുന്നുണ്ട്.

ഇതിനകം ആസിയാന്‍ കരാറടക്കം 27 എഫ്ടിപിയിലാണ് ഇന്ത്യ പങ്കുചേര്‍ന്നിട്ടുള്ളത്. ഇവയില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായിട്ടുള്ള എഫ്ടിപി കരാറുകളില്‍ പേറ്റന്റ് നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിതലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുക, വിവര കുത്തക നിയമത്തിലൂടെയും മറ്റും പേറ്റന്റ് കാലാവധി നീട്ടുക തുടങ്ങിയ വ്യവസ്ഥകള്‍ ഈ കരാറുകളില്‍ ചേര്‍ത്തിട്ടുണ്ട്.

ഒരുഭാഗത്ത് ലോകവ്യാപാരസംഘടനയുടെയും മറുഭാഗത്ത് അതിലൂടെ കൈവരിക്കാനാകാത്ത വാണിജ്യതാല്‍പ്പര്യങ്ങള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ നേടിയെടുക്കാനായി മുതലാളിത്തരാജ്യങ്ങള്‍ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ആവിഷകരിച്ചിട്ടൂള്ള മറ്റൊരു അന്തരാഷ്ട്ര വ്യവസ്ഥയാണ് വ്യാജ വാണിഭവിരുദ്ധ കരാര്‍ (ആക്ടാ). വാണിജ്യ ഇടപാടുകളില്‍ ട്രിപ്‌സിനേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ആക്ടായില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് അതുകൊണ്ട് ആക്ടാ വ്യവസ്ഥകളെ ട്രിപ്‌സ്- പ്ലസ് വ്യവസ്ഥകളായി കാണേണ്ടതാണ്.

ആക്ടാ എന്ന കരിനിയമം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക്ക് ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പില്‍പ്പെടുത്തി പിടിച്ചുവയ്ക്കാനും നശിപ്പിക്കാനും അധികാരം നല്‍കുന്നു. ദോഹ ഇളവുകളനുസരിച്ച് മരുന്നുല്‍പ്പാദനത്തില്‍ സാങ്കേതികശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് ജനറിക്ക് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനുള്ള അവകാശമുണ്ട്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ വ്യാജമരുന്നുകളെന്ന് മുദ്രകുത്തി പിടിച്ചെടുക്കാന്‍ ആക്ടാ വഴി കഴിയും. ജനിതകഘടന പേറ്റന്റ് ചെയ്തുവെന്നവകാശപ്പെടുന്ന കമ്പനികള്‍ പരാതിപ്പെട്ടാല്‍ ജനിതകമരുന്നുകള്‍ വിപണനം ചെയ്യുന്നതില്‍നിന്ന് ഉല്‍പ്പാദകരെ വിലക്കാനുള്ള വകുപ്പുകളും ആക്ടായിലുണ്ട്.

ആര്‍സിഇപി കരാറിലും മറ്റ് സ്വതന്ത്ര വാണിജ്യക്കരാറുകളിലെന്നപോലെ പേറ്റന്റ് നിയമത്തില്‍ രാജ്യതാല്‍പ്പര്യത്തിനെതിരായ വകുപ്പുകള്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് പേറ്റന്റ് കാലാവധി 20 വര്‍ഷത്തില്‍ കൂടുതലാക്കാനുള്ള വ്യവസ്ഥയാണ്. വിവരകുത്തകനിയമം നടപ്പാക്കിയാണ് ഇതിനുള്ള വഴി തേടുന്നത്. അതുപോലെ ട്രിപ്‌സ് പ്ലസ് വ്യവസ്ഥയിലെ ജനറിക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് തടയുന്ന ആക്ടായിലെ നിബന്ധനകളും ഇന്ത്യക്ക് സ്വീകരിക്കേണ്ടിവരും.

2005ലെ പേറ്റന്റ് നിയമഭേദഗതിയില്‍ ഇടതു പാര്‍ടികളുടെ ശ്രമഫലമായി ഉള്‍പ്പെടുത്തിയ പല വകുപ്പുകളും റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഔഷധമേഖല കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. പൊതുമേഖലാ ഔഷധ കമ്പനികളെ അതിവേഗം സ്വകാര്യവല്‍ക്കരിച്ചുകൊണ്ടും ഔഷധവിലനിയന്ത്രണ നിയമത്തില്‍ വെള്ളംചേര്‍ത്തും മോഡി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഔഷധ വ്യവസായനയങ്ങള്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.

ആര്‍സിഇപി കരാറുകൂടി നടപ്പാക്കുന്നതോടെ സ്വാതന്ത്ര്യത്തിനുമുമ്പ് വിദേശമരുന്ന് കമ്പനികളെ പൂര്‍ണമായും ആശ്രയിച്ച് ഏറ്റവും വിലകൂടിയ മരുന്നുകള്‍ കച്ചവടം ചെയ്തിരുന്ന സ്ഥിതിയിലേക്ക് രാജ്യം തിരികെപ്പോകുമെന്ന് ഉറപ്പാണ്. ആര്‍സിഇപി കരാര്‍ നടപ്പാക്കുമ്പോള്‍ രാജ്യം നേരിടാന്‍പോകുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് സമരരംഗത്തെത്തിയിട്ടുള്ള മറ്റ് ജനവിഭാഗങ്ങളുമായി വൈദ്യസമൂഹം ഐക്യപ്പെടണം, രാജ്യതാല്‍പ്പര്യത്തിനെതിരായ ഉടമ്പടിക്കെതിരെ പ്രതികരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News