മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ്

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പോലീസ് റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് ജില്ലാ പോലീസ് മേധാവി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടപ്പാടി എറ്റുമുട്ടലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് മരിച്ച മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രണ്ട് തവണയുണ്ടായ ഏറ്റുമുട്ടലിലും മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 28 ന് തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 29 ന് ഇവരുടെ ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വീണ്ടും വെടിയുതിര്‍ത്തു. അന്ന് മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് സംഭവത്തിലും മജിസ്റ്റീരിയല്‍, ക്രൈംബ്രാഞ്ച് അന്വേഷങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചു.

നേരത്തെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ 4 വരെ സംസ്‌ക്കരിക്കരുതെന്ന് ഉത്തരവിട്ടിരുന്നു.

നവംബര്‍ 4ന് കേസ് വീണ്ടും പരിഗണിക്കും. അതേ സമയം ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെ വെടിവെപ്പുണ്ടായപ്പോള്‍ തണ്ടര്‍ബോള്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ നിലത്ത് കമിഴ്ന്ന് കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്

മാവോയിസ്റ്റുകളെ നേരിടുന്ന പോലീസിനെ പിന്തുണച്ച് അട്ടപ്പാടിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മാവോയിസ്റ്റുകള്‍ രക്ഷകരല്ല ശല്യക്കാരാണെന്ന് അട്ടപ്പാടി ആദിവാസി യുവത എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു.

അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖ പുറത്ത് വന്നു.

ജനകീയ വിമോചന ഗറില്ലാ സംഘത്തിലെ മണിവാസ കം, കാര്‍ത്തി, രമ, അരവിന്ദ് എന്നിവരാണ് ഏറ്റുമുട്ടലില്‍ മരിച്ചതെന്ന് ലഘുലേ ഖയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here